വൃക്ഷത്തൈകള്‍ നട്ടും മാലിന്യം നീക്കിയും പരിസ്ഥിതി ദിനാചരണം
1300474
Tuesday, June 6, 2023 12:28 AM IST
കോഴിക്കോട്: വൃക്ഷത്തൈകള്‍ നട്ടും തെരുവുകളില്‍ നിന്ന് മാലിന്യവും പ്ളാസ്റ്റിക്ക് വസ്തുക്കളും നീക്കിയും പരിസ്ഥിതി ദിനാചരണം. സ്കൂളുകളിലും ക്ലബുകളിലും വായനശാലകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ആവേശകരമായ വിധത്തില്‍ ദിനചാരണ പരിപാടികള്‍ നടന്നു.
പ്ലാസ്റ്റിക് മാലിന്യത്തെ പൊരുതി തോല്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാമ്പഴക്കാലം പദ്ധതിയുടെ റീജിയണല്‍ തല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നാട്ടുമാവിന് തൈ നട്ടു കൊണ്ട് നിര്‍വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.ഐക്യരാഷ്ട്രസഭയുടെ ആഗോള പ്രവര്‍ത്തന പദ്ധതിയായ "മിഷന് ലൈഫുമായി ബന്ധപ്പെട്ട സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് "മാമ്പഴക്കാലം'. സംസ്ഥാനമൊട്ടാകെയുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പത്തു ലക്ഷം മാവിന് തൈകളുടെ വിതരണമാണ് ആരംഭിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇതു വിതരണം നടത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ എം.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എസ്. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഓരോരുത്തരും പങ്കാളികളാണെന്നും മനോഭാവത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടത് ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
എഡിഎം സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. സിഡബ്ല്യുആര്‍ഡിഎം റിട്ട. സയന്റിസ്റ്റ് പി.എസ്.ഹരികുമാര്‍ സൊല്യൂഷന് ടു പ്ലാസ്റ്റിക് പോല്യൂഷന്‍ എന്ന വിഷയത്തില്‍ അവതരണം നടത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, വ്യത്യസ്ത തരം പ്ലാസ്റ്റിക്കുകള്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. അസി.കലക്ടര്‍ സമീര്‍ കിഷന്, ഡെപ്യൂട്ടി കലര്ക്ടര്മാരായ, പി.എന്‍. പുരുഷോത്തമന്, പി.പി. ശാലിനി, ഫിനാന്‍സ് ഓഫീസര്‍ കെ.പി. മനോജന്തുടങ്ങിയവര് പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ.അനിതകുമാരി സ്വാഗതവും ഷാമിന് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
ഓമശേരി: ഓമശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ബേങ്ക് പ്രസിഡന്റ് കെ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍മാരായ കോമളവല്ലി, പി.കെ. ഗംഗാധരന്, ബാങ്ക് സെക്രട്ടറി കെ.പി. നൗഷാദ്, ജീവനക്കാരായ ഉല്ലാസ് ജോയ്, ടി.പി. അജാസ്,ആല്വിന്, ജസീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂരാച്ചുണ്ട്: മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഹരിത സഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജുവും ഹരിത കർമസേന റിപ്പോർട്ട് ശ്യാമളയും റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി. ബിജു പരിസ്ഥിതി ദിന സന്ദേശം നൽകി, എച്ച്ഐ എ.സി. അരവിന്ദൻ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ജെഎച്ച്ഐ ജയേഷ് കുമാർ, ജോൺസൺ താന്നിക്കൽ, കെ.ജെ. തോമസ്, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജോസ് ചെരിയൻ, ജോസഫ് ചേനാപറമ്പിൽ,ജൂണിയർ സൂപ്രണ്ട് ശശികുമാർ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച നടന്ന പരിപാടി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ആൽബിൻ കോയിപ്പുറത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വിവിധ ക്ലബുകളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ വ്യത്യസ്ത പരിസ്ഥിതി സൗഹൃദ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ജോളി ജോസഫ് , "വിത്ത് എ ഫ്രണ്ട്' പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർക്ക് വിത്തു കൈമാറിക്കൊണ്ട് നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജേക്കബ് കോച്ചേരി, സ്റ്റാഫ് സെക്രട്ടറി ജയൻ ജേക്കബ്, സീനിയർ അസിസ്റ്റന്റ് സി. ആൻസി, അധ്യാപകരായ വി.കെ. നൗഷാദ്, അജയ്.കെ.തോമസ്, ഫാ: ജോസ് പുത്തേട്ട്പടവിൽ ,വിഎ വി. ജെസി, ആതിര മെറിൻ ജോയ് എന്നിവർ നേതൃത്വം നൽകി.
കാറ്റുള്ളമല നിർമല യുപി സ്കൂളിൽ "ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ' എന്ന സന്ദേശം ഉയർത്തി പരിസ്ഥിതി ദിനം ആചരിച്ചു. സംസ്ഥാന കർഷകോത്തമ പുരസ്കാര ജേതാവ് സജി കടുകൻമാക്കൽ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഒ.എം. ബീന, പിടിഎ വൈസ് പ്രസിഡന്റ് സജി വഴക്കാമലയിൽ, എംപിടിഎ പ്രസിഡന്റ് പിങ്കി പ്രകാശൻ, അധ്യാപക പ്രതിനിധി സുജിത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു. വൃക്ഷഷത്തൈ നടൽ, നൃത്തശില്പം, മാഗസിൻ പ്രകാശനം വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
സിഒഡി താമരശേരി രൂപതയുടെ സാമൂഹ്യ സന്നദ്ധ സംഘടനയായ സിഒഡി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറ്റുള്ളമല ദർശന മഹിളാ സമാജം, പ്രിയദർശിനി സംഘവും സംയുക്തമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തൈ നടുകയും ശുചീകരണം നടത്തുകയും ചെയ്തു. ഫാ.കുര്യാക്കോസ് കൊച്ചുകൈപ്പൽ ഉദ്ഘാടനം ചെയ്തു. മേരി മാത്യു തെങ്ങുംപള്ളി, സെലിൻ തോമസ് കട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സിഒഡി ഏരിയാ കോർഡിനേറ്റർ മോളി സെബാസ്റ്റ്യൻ നേതൃത്വം നൽകി.
കക്കാടംപൊയിൽ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് ആരംഭിച്ച "മണ്ണിലിറങ്ങാം മാലിന്യം നീക്കാം' പദ്ധതിക്ക് തുടക്കമായി. കക്കാടംപൊയിലില്‍ നടന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി ഉദ്ഘാടനം ചെയ്തു. കക്കാടംപൊയില്‍ ഇടവക വികാരി ഫാ. അഗസ്റ്റിന് കിഴക്കരക്കാട്ട്, തോട്ടുമുക്കം മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ അലന് മരിയ, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഗ്രാലിയ അന്ന അലക്സ്, ലിബിന് മുരിങ്ങലത്ത്, സെക്രട്ടറിമാരായ മറിയം ടി.തോമസ്, ഷിബിന്‍ ഷാജി, ട്രഷറര്‍ എസ്. ഫ്രാന്‍സിസ്, താമരശേരി രൂപത സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായ അലീന മാത്യു, റിച്ചാള്‍ഡ് ജോണ്‍, രൂപതാ ജനറല്‍ സെക്രട്ടറി ജസ്റ്റിന് സൈമണ്‍, തോട്ടുമുക്കം മേഖല പ്രസിഡന്റ് അലന്, കക്കാടംപൊയില്‍ യൂണിറ്റ് പ്രസിഡന്റ് ജിസ്ന, താമരശേരി രൂപതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ടെന്നിസണ്‍, കെസിവൈഎം താമരശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍, സംസ്ഥാന സെക്രട്ടറി അനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
താമരശേരി: താമരശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിമ്മി, പഞ്ചായത്ത് ഓവര്‍സിയര്‍ നിഷ, താമരശേരി ജെസിഐ പ്രതിനിധി അനില ആന്റണി, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സലോമി, പ്രോഗ്രാം കോഡിനേറ്റര്‍ ക്രിസ്റ്റ, വിദ്യാർഥി പ്രതിനിധികളായ ഏയ്ഞ്ചലീന ധനീഷ്, ഋതു പാര്‍വണ, ഇഷാന് ദേവ് എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ വ്യത്യസ്ത പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് ബിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാർഥികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
പടത്തുകടവ്: ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ ഷിബു മാത്യു എടാട്ട് സ്കൂൾ മുറ്റത്ത് മരം നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും സ്വന്തം വീടിന്റെ പരിസരത്ത് മരത്തൈകൾ നട്ടു. സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, മര തൈകളും വിത്തുകളും കൈമാറുകയും ചെയ്തു.
കൂടത്തായ്: കൂടത്തായ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷൻ സംഭാവന ചെയ്ത ആയിരം തൈകൾ വിതരണം ചെയ്തു. എൻസിസി, എൻഎസ്എസ്, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ. സിബി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു.
താമരശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താമരശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ബാങ്ക് മുറ്റത്ത് മാവിന്‍തൈ നട്ട് ബാങ്ക് പ്രസിഡന്റ് പി.സി. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍മാരായ കെ.വി. സെബാസ്റ്റ്യന്‍, വി. രാജേന്ദ്രന്, ബാങ്ക് സെക്രട്ടറി കെ.വി. അജിത തുടങ്ങിയവർ പങ്കെടുത്തു.