പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
1297155
Wednesday, May 24, 2023 11:59 PM IST
താമരശേരി: പരപ്പന് പൊയിലില് പ്രവാസിയായ കുറുന്തോട്ടികണ്ടി മുഹമ്മദ് ഷാഫി (38)യെ തട്ടിക്കൊണ്ടു പോയ സംഭവത്തില് റിമാൻഡിലായിരുന്ന രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പ് നടത്തി.
വാവാട് സ്വദേശി മുഹമ്മദ് നിസാബ്, കുടുക്കില് ഉമ്മാരം സ്വദേശി ഷിബില് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. പരപ്പന് പൊയിലിലും, വാവാട് അങ്ങാടിയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ഏപ്രില് ഏഴിന് രാത്രിയാണ് ഷാഫിയുടെ വീട്ടില് എത്തിയ ക്വട്ടേഷന് സംഘം ബലംപ്രയോഗിച്ച് ഷാഫിയെ തട്ടിക്കൊണ്ടു പോയത്. തടയാന് ശ്രമിച്ച ഷാഫിയുടെ ഭാര്യയെയും വാഹനത്തില് കയറ്റി കൊണ്ട് പോയെങ്കിലും വഴിയില് ഉപേക്ഷിക്കുകയായിരുന്നു. ഷാഫിയെ പിന്നീട് മൈസൂരില് വച്ച് വിട്ടയച്ചു. സംഭവത്തിൽ ഇവര് ഷാഫിയുടെ വീടും പരിസരവും കാണിക്കുകയും ക്വട്ടേഷന് സംഘത്തിന് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണ് കേസ്.