ജില്ലാ നിയമസേവന അഥോറിറ്റിയുടെ ഇടപെടൽ; കൊളോറ കുന്നിൽ കുടിവെള്ളമെത്തും
1281684
Tuesday, March 28, 2023 12:18 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ കൊളോറമമലിൽ ജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയത് കാരണം നാലുമാസമായി മുടങ്ങിയ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായി. ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണിത്.
2023 മെയ് 31ന് മുമ്പ് 5 ലക്ഷം രൂപ മുടക്കി പുതിയ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജല വിതരണംപുനഃസ്ഥാപിക്കാം എന്നാണ് അദാലത്തിൽ തീരുമാനമായത്. കാരശേരി പഞ്ചായത്ത് മേൽ പ്രവർത്തി പൂർത്തിയാകും വരെ ടാങ്കർ ലോറിയിൽ വെള്ളം കൊളോറക്കുന്ന് നിവാസികൾക്ക് സൗജന്യമായി എത്തിക്കും.
നോർത്ത് കാരശേരി കൊളോറമ്മൽ ജല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നാലുമാസമായി ശുദ്ധജലം കിട്ടാത്ത വിഷയത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ്മായ എംപി ഷൈജൽ പ്രശ്നം പഠിച്ച റിപ്പോർട്ട് സമർപ്പിക്കാൻ പാരാലീഗൽ വളണ്ടിയർ ചന്ദ്രൻ ഈയ്യാടിനെ ചുമതലപ്പെടുത്തിയിരുന്നു.
ചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കക്ഷി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. അദാലത്തിൽ ഹർജിക്കാരനായ പാര ലീഗൽ വളണ്ടിയർ ചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റൻറ് സെക്രട്ടറി ഹരി ആർ എന്നിവർ ഹാജരായി. സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ എംപി ഷൈജൽ അദാലത്തിന് നേതൃത്വം നൽകി.