സ്ത്രീകളുടെ പേരില്‍ വായ്പയെടുത്ത് മധ്യവയസ്കന് മുങ്ങിയെന്ന് പരാതി
1513767
Thursday, February 13, 2025 7:39 AM IST
പെരിന്തല്‍മണ്ണ: കുന്നപ്പള്ളി കൊല്ലക്കോട് മുക്കില്‍ 22ാം വാര്‍ഡിലെ മുപ്പതോളം സ്ത്രീകളുടെ പേരില്‍ പേഴ്സണല്‍ ലോണെടുത്ത് തിരിച്ചടയ്ക്കാതെ മധ്യവയസ്കന് മുങ്ങിയതായി ജനകീയ സമിതി പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കല്ലിപറമ്പന്‍ അബ്ദുള്‍ ലത്തീഫ് എന്ന മാമ്പറ മാനുവിനെതിരെയാണ് (45) പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണ കോണ്‍ട്രാക്ട് എടുത്ത ശേഷം വീടും സ്ഥലവും സ്വകാര്യ ബാങ്കില്‍ പണയം വച്ച് പണം തട്ടിയതായും ജനകീയ സമിതി ആരോപിച്ചു. നഗരസഭയില്‍ നിന്ന് ലൈഫ് പദ്ധതിയിലെ തുക കിട്ടുമ്പോള്‍ ലോണ്‍ പൂര്‍ണമായി താന്‍ തിരിച്ചടയ്ക്കാമെന്നാണ് പറഞ്ഞിരുന്നത്.
കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ പണം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അങ്കണവാടി ടീച്ചറുടെ പേരില്‍ ലോണ്‍ എടുത്തിട്ടുള്ളത്. പ്രദേശത്തെമുപ്പതോളം സ്ത്രീകളെ പല തരത്തില്‍ വിശ്വസിപ്പിച്ച് പേഴ്സണല്‍ ലോണെടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം മുങ്ങിയതായാണ് പരാതി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹമെന്ന് ജനകീയ സമിതി ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ സമിതി ചെയര്മാന് രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി.വി. ഷംല, വാര്‍ഡ് കൗണ്‍സിലര്‍ സജിന ഷൈജല്‍, കെ.യശോദ, കെ.ഫസീനത്ത്, സി. സഫിയ എന്നിവര്‍ പങ്കെടുത്തു.