നിലന്പൂരിൽ സ്ഥാനാർഥികളെ ഇറക്കി തൃണമൂൽ കോണ്‍ഗ്രസ്
1601273
Monday, October 20, 2025 5:30 AM IST
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് പി.വി. അൻവറിന്റെ തട്ടകത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോണ്‍ഗ്രസ്. നിലന്പൂർ നഗരസഭയിൽ ചിത്രം തെളിയും മുന്‍പേ മൂന്ന് ഡിവിഷനിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലും മത്സരിക്കാനുള്ള ഒരുക്കമായി.
നിലന്പൂർ നഗരസഭയിലെ മുമ്മൂളി, തോണിപൊയിൽ, മുതീരി ഡിവിഷനുകളിലാണ് വോട്ട് അഭ്യർഥിച്ച് തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഇറങ്ങിയിട്ടുള്ളത്. സിപിഐ പാത്തിപ്പാറ ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ തൃണമൂൽ കോണ്‍ഗ്രസ് മുനിസിപ്പൽ കോ ഓർഡിനേറ്ററുമായ ഷാജഹാൻ പാത്തിപ്പാറയാണ് മുമ്മുളി ഡിവിഷനിൽ മത്സരിക്കുന്നത്. മുതീരി ഡിവിഷനിൽ നിയാസും തോണിപൊയിൽ ഡിവിഷനിൽ അഷ്്റഫ് രാമംകുത്തുമാണ് സ്ഥാനാർഥികൾ.
തൃണമൂൽ കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ചിഹ്നമായ പുല്ലും പൂവിലുമാണ് ഇവർ മത്സരിക്കുക. പാർട്ടി ചിഹ്നങ്ങൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകളിലാണ് വോട്ട് അഭ്യർഥനയുള്ളത്. നിലന്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച പി.വി. അൻവർ 20,000 ത്തോളം വോട്ടുകൾ നേടിയിരുന്നു. നിലന്പൂർ നഗരസഭയിൽ മാത്രം അൻവറിന് 2000 ത്തിലേറെ വോട്ടുകൾ ലഭിച്ചു. അതിനാൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ മത്സര രംഗത്തറങ്ങിയത് മുന്നണികളുടെ ഉറക്കം കെടുത്തും. നിലന്പൂർ നഗരസഭയിൽ ഉൾപ്പെടെ നിലന്പൂർ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും നിലന്പൂർ - കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലും കരുത്തറിയിക്കുകയാണ് പി.വി. അൻവറിന്റെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും ലക്ഷ്യം.
2020-ൽ പി.വി. അൻവറിന്റെ നേതൃത്വത്തിൽ രൂപം നൽകിയ വികസന മുന്നണിയുടെ ബാനറിലാണ് തുടർച്ചയായ 20 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫിന് നഗരസഭയിൽ ഭരണം നേടി കൊടുത്തത്. അതിനാൽ എൽഡിഎഫിന്റെ തുടർഭരണം തടയുകയാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. അൻവർ എംഎൽഎ ആയിരിക്കുന്പോഴാണ് അമരന്പലത്തും പോത്തുകല്ലിലും എൽഡിഎഫിന് ഭരണം ലഭിച്ചത്.