ജില്ലാ സ്കൂൾ കായികമേളക്ക് തുടക്കം : എടപ്പാൾ മുന്നേറ്റം തുടങ്ങി
1600703
Saturday, October 18, 2025 4:56 AM IST
ചാത്തന്നൂർ (പാലക്കാട്) : മലപ്പുറം ജില്ലാ സ്കൂൾ കായികമേളയ്ക്ക് പാലക്കാട് ജില്ലയിലെ ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ തുടക്കമായി. സാധാരണ മലപ്പുറം ജില്ലാ സ്കൂൾ കായികമേള നടന്നുവരാറുള്ളത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്കിലാണ്.
സമീപ കാലത്ത് ഈ ട്രാക്ക് തകർച്ച നേരിട്ടതിനാലാണ് ഇത്തവണ അയൽ ജില്ലയായ പാലക്കാട് ചാത്തന്നൂരിലേക്ക് കായികമേള മാറ്റേണ്ടിവന്നത്. ഇന്നലെ ആരംഭിച്ച മേളയുടെ ആദ്യദിനം അവസാനിക്കുന്പോൾ 57 പോയിന്റോടെ എടപ്പാൾ ഉപജില്ലയാണ് മുന്നിൽ. ആറ് സ്വർണം, ആറ് വെള്ളി, ഒന്പത് വെങ്കലം നേടിയാണ് എടപ്പാൾ ഒന്നാം സ്ഥാനത്തുള്ളത്.
എടപ്പാളിന് വെല്ലുവിളിയായി കഴിഞ്ഞ റവന്യു ജില്ലയിലെ ജേതാക്കളായ തിരൂർ ഉപജില്ല തൊട്ടുപിറകിലുണ്ട്. 45 പോയിന്റാണ് തിരൂർ നേടിയിരിക്കുന്നത്. ആറ് സ്വർണം കരസ്ഥമാക്കിയ തിരൂർ നാലു വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട്. 30 പോയിന്റുമായി അരീക്കോട് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. നാല് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് അരീക്കോടിന്റെ സന്പാദ്യം. വണ്ടൂർ, താനൂർ ഉപജില്ലകളാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഒരു സ്വർണവും രണ്ട് വെള്ളിയും നേടി 11 പോയിന്റാണ് വണ്ടൂരിനുള്ളത്. രണ്ട് സ്വർണം നേടി 10 പോയിന്റാണ് താനൂർ സ്വന്തമാക്കിയിരിക്കുന്നത്.
സ്കൂളുകളിൽ കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് മുന്നിൽ. ആറ് സ്വർണവും ആറ് വെള്ളിയും ഒന്പത് വെങ്കലവും ആദ്യദിനം തന്നെ ഐഡിയൽ നേടിയെടുത്തു. 57 പോയിന്റാണ് ഐഡിയലിനുള്ളത്. എടപ്പാൾ ഉപജില്ലയുടെ മുന്നേറ്റത്തിനുള്ള പ്രധാനകാരണം ഐഡിയലിന്റെ മികച്ച പ്രകടനമാണ്.
തിരൂർ ഉപജില്ലയിലെ തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 32 പോയിന്റാണ് സ്കൂൾ നേടിയിരിക്കുന്നത്. അരീക്കോട് ഉപജില്ലയിലെ എസ്എസ്എച്ച്എസ്എസ് മൂർക്കനാട് ആണ് മൂന്നാം സ്ഥാനത്തുള്ളത്.
മൂന്ന് സ്വർണവും രണ്ട് വെള്ളിയുമടക്കം 21 പോയിന്റാണ് മൂർക്കനാട് കരസ്ഥമാക്കിയിരിക്കുന്നത്. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് 13 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. രണ്ട് സ്വർണവും ഒരു വെങ്കലവുമാണ് അവർക്ക് ലഭിച്ചത്.
കായികമേളയ്ക്ക് തുടക്കമായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് പതാകയുയർത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നസീബ അസീസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ടി. പ്രേമ, ഹയർ സെക്കൻഡറി സ്കൂൾ കോ ഓർഡിനേറ്റർ ഇസ്ഹാഖ്, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ.എസ്. സന്ദീപ്, പി.പി. സാജൻദാസ്, പി.പി. വിനയൻ, എ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ ഇനങ്ങളിലായി മൂവായിരത്തോളം കായിക പ്രതിഭകളാണ് പങ്കെടുക്കുന്നത്. കായികമേള നാളെ സമാപിക്കും.