ചാരങ്കാവ് കൊലപാതകം : ഉത്തരം കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർ
1601617
Tuesday, October 21, 2025 7:21 AM IST
മഞ്ചേരി : എളങ്കൂർ ചാരങ്കാവിൽ സഹപ്രവർത്തകനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരം കിട്ടാതെ പോലീസ്. കൊല നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് സംബന്ധിച്ച് നാട്ടുസംസാരങ്ങളും ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുവെന്നല്ലാതെ യഥാർഥ കാരണമെന്തെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയുമായില്ല.
പ്രതിയായ ചാരങ്കാവ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻകുട്ടി (35)യിൽ നിന്ന് വ്യക്തമായ ഉത്തരം പോലീസിന് കിട്ടിയില്ല. പ്രതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനായി പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. അക്രമാസക്തനായ പ്രതിയെ കൈയ്യാമം വച്ച് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.
മറ്റൊരു സഹപ്രവർത്തകനായ സുരേന്ദ്രന്റെ കാടുവെട്ടുയന്ത്രം വാങ്ങി നിമിഷ നേരം കൊണ്ട് കൊല നടത്തിയ പ്രതി കൃത്യം നടത്തിയശേഷം ഒട്ടും ധൃതിയില്ലാതെയാണ് നടന്നുപോയത്. മറ്റൊരാളെ കൂടി കൊലപ്പെടുത്താനുണ്ടെന്ന് പറഞ്ഞാണ് പ്രതി മടങ്ങിയതെന്ന് ദൃക്സാക്ഷിയായ സുരേന്ദ്രൻ പറയുന്നു. പ്രതിയും കൊല്ലപ്പെട്ട വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെ ചോലയിൽ പ്രവീണും തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്ന് കേസിലെ പരാതിക്കാരനും പ്രവീണിന്റെ ബന്ധുവുമായ രാഗേഷ് പറയുന്നു.
കോടതിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ഉത്തരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ പറഞ്ഞു.
ചാരങ്കാവ് അങ്ങാടിക്കു സമീപം ഞായറാഴ്ച രാവിലെ 6.45 നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊല്ലപ്പട്ടെ പ്രവീണും സുഹൃത്ത് ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറന്പ് സുരേന്ദ്രനും ഒരുമിച്ചു കാട് വെട്ടാൻ പോകുന്നവരാണ്. ചാരങ്കാവ് അങ്ങാടിക്കു സമീപം താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിനു സമീപം സുരേന്ദ്രൻ പ്രവീണിനെ കാത്തുനിൽക്കുന്പോൾ അടുത്തു വന്ന മൊയ്തീൻ സുരേന്ദ്രനോട് കാടു വെട്ടുന്ന യന്ത്രം ആവശ്യപ്പെട്ടു.
സ്ഥലത്ത് പൊന്തി നിൽക്കുന്ന കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചു തരാമെന്നു പറഞ്ഞു യന്ത്രം കൈക്കലാക്കി. ഈ സമയം സ്ഥലത്തെത്തിയ പ്രവീണ്‍ ബൈക്ക് നിർത്തി സുരേന്ദ്രനോട് സംസാരിക്കാൻ നിൽക്കുന്പോൾ മൊയ്തീൻ യന്ത്രം പ്രവീണിന്റെ കഴുത്തിനു നേരെ വീശുകയായിരുന്നു. പിറകിലേക്ക് മലർന്നു വീണ പ്രവീണ്‍ സംഭവ സ്ഥലത്തുവച്ചു മരിച്ചു.