കാട്ടാന ഭീതിയിൽ മൂലേപ്പാടം-തറമുറ്റം നിവാസികൾ; വീടിന് സമീപം കാട്ടാനയെത്തി
1601276
Monday, October 20, 2025 5:30 AM IST
നിലന്പൂർ: മൂലേപ്പാടത്ത് കാട്ടാനകൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കാട്ടാന ശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് പ്രദേശവാസികളും മൂലേപ്പാടം സെന്റ് ജോസഫ് ഇടവക സമൂഹവും ആവശ്യപ്പെട്ടു.
ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം - തറമുറ്റം ഭാഗങ്ങളിലാണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ റോഡിലേക്ക് എത്തുന്നത്. ശനിയാഴ്ച കുടുംബ പ്രാർഥന നടക്കുകയായിരുന്ന വീടിന്റെ പരിസരത്തേക്ക് കാട്ടാനയെത്തി. ഇടവക വികാരി ഫാ. ഷിന്റോ പുലിക്കുഴി ഉൾപ്പെടെ പ്രാർഥനാ സമയത്ത് വീട്ടിലുണ്ടായിരുന്നു.
വൈകുന്നേരം 6.10 ഓടെ വഴക്കുഴയിൽ തൊമ്മച്ചന്റെ വീട്ടിൽ പ്രാർഥന നടക്കുന്പോൾ മുന്നിലെ റോഡിലേക്കാണ് കാട്ടാന എത്തിയത്. പിന്നീട് റോഡിലൂടെ തന്നെ മുന്നോട്ട് പോവുകയായിരുന്നു. വീടിന്റെ പരിസരത്ത് നിന്ന് ആന പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇടവക വികാരി ഉൾപ്പെടെ ഇവിടെ നിന്ന് മടങ്ങിയത്.
മലയോര കർഷകർ അടക്കം 50 ലേറെ കുടുംബങ്ങൾ താമസിക്കുന്ന തറമുറ്റം ഭാഗത്തേക്ക് നിലന്പൂർ - നായാടംപൊയിൽ മലയോര പാതയിൽ നിന്ന് കോണ്ക്രീറ്റ് റോഡാണുള്ളത്. വീതി കുറഞ്ഞ ഈ റോഡിലൂടെയാണ് രാവുംപകലും ആളുകൾ സഞ്ചരിക്കുന്നത്.
ഈ റോഡിലേക്ക് കാട്ടാനകൾ എത്തുന്നത് ആശങ്ക വർധിപ്പിക്കുന്നു. മൂലേപ്പാടം സെന്റ് ജോസഫ് പള്ളിയുടെ സമീപം വരെ കാട്ടാനകളെത്തി കഴിഞ്ഞു. പള്ളി പരിസരത്തെ വീടുകളുടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കേടുവരുത്തിയും കൃഷികൾ നശിപ്പിച്ചും കാട്ടാനകൾ സ്വൈര്യവിഹാരം നടത്തുകയാണ്.
തറമുറ്റം മുതൽ പള്ളി പരിസരം വരെയുള്ള ഭാഗത്ത് അടിയന്തരമായി സോളാർ വൈദ്യുത തൂക്കുവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. 1970 കളുടെ തുടക്കം മുതൽ മലയോര കർഷക കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് മൂലേപ്പാടം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയും ഇന്നലെയും വനപാലകരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മൂലേപ്പാടത്ത് ജനകീയ സമിതി രൂപീകരിച്ച് ശക്തമായ സമരങ്ങളിലേക്ക് നീങ്ങാനാണ് മൂലേപ്പാടം - തറമുറ്റം നിവാസികളുടെ തീരുമാനം. ജീവനും കൃഷിക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.