‘എഴുപതേക്കർ പിഒ’ : മലമുകളിലെ തപാലാപ്പീസ് ഇനിയെത്ര നാൾ ?
1600853
Sunday, October 19, 2025 5:05 AM IST
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ്: പ്രകൃതി രമണീയമായ കിഴക്കൻ മലമുകളിൽ അരനൂറ്റാണ്ടിനു മുന്പ് സ്ഥാപിതമായ ‘എഴുപതേക്കർ ബ്രാഞ്ച്’ എന്ന പേരിലുള്ള തപാലാപ്പീസ് പോസ്റ്റൽ വകുപ്പിന്റെ ലാഭ, നഷ്ടക്കണക്കനുസരിച്ച് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു.
പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി കാളികാവിലെ കുടിയേറ്റ കാർഷിക മേഖലയായ അടക്കാക്കുണ്ടിലെ എഴുപതേക്കർ എന്ന സ്ഥലത്താണ് ഈ പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത്. കാര്യമായ ജനസന്പർക്കമില്ലെങ്കിലും സ്ഥാപനം പ്രവർത്തിക്കുന്നു എന്നതിനാൽ ഈ പോസ്റ്റോഫീസ് ഇതരനാടുകളിൽ നിന്നെത്തുന്ന സന്ദർശകർക്ക് കൗതുക കാഴ്ചയാണ്.
സമുദ്രനിരപ്പിൽ നിന്ന് ആയിരത്തി എഴുനൂറടി ഉയരത്തിലാണ് എഴുപതേക്കർ പോസ്റ്റോഫീസ് നിലകൊള്ളുന്നത്. നാട്ടുകാർ ദശാബ്ദങ്ങളായി സ്വപ്നം കാണുന്ന കാളികാവ് -ഉൗട്ടി മലന്പാതയിലേക്ക് ചെന്നുചേരുന്ന കുതിരപാത ആരംഭിക്കുന്നത് ഈ തപാലാപ്പീസിന്റെ സമീപത്തു നിന്നാണ്. കരിങ്കല്ലിൽ പണിത തപ്പാലാപ്പീസിന് പോയകാലത്തിന്റെ നഷ്ട പ്രതാപമാണ് പറയാനുള്ളത്.
ഏഴു ദശകങ്ങൾക്കുമുന്പ് തെക്കൻ തിരുവിതാംകൂറിൽ നിന്നുള്ള കർഷകരുടെ കുടിയേറ്റം തുടങ്ങിയതു മുതൽ എഴുപതേക്കറിൽ ജനവാസമുണ്ട്. എണ്പത് കാലമായപ്പോഴേക്കും മലയോരത്ത് കുടിയേറ്റ കർഷകർ സാന്പത്തികമായി സ്വയം പര്യാപ്തരായതോടെ വാർത്താവിനിമയ സംവിധാനങ്ങളുടെ കുറവ് അനുഭവപ്പെട്ടു. അതുവരെ കത്തുകളും കന്പികളും മണിഓഡറുകളുമൊക്കെ കാളികാവ് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് അഞ്ചെട്ടു കിലോമീറ്റർ ദൂരത്തുള്ള ഇവിടേക്ക് പോസ്റ്റുമാൻ എത്തിച്ചു നൽകുകയായിരുന്നു.
വാഹന സൗകര്യം കുറവായതിനാൽ കത്തിടപാടുകൾക്ക് പ്രയാസം അനുഭവപ്പെട്ടതോടെയാണ് ആദ്യകാല കുടിയേറ്റ കർഷകനായ കുറ്റിയാനിക്കൽ മാത്യു തന്റെ സഹോദരൻമാരുമായി ചേർന്നുവാങ്ങിയ എഴുപതേക്കർ സ്ഥലത്ത് തന്റെ വീടിനോടു ചേർന്ന് റബർ സംസ്കരണത്തിനായി നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം 1981 ൽ തപാലാപ്പീസ് തുടങ്ങുന്നതിന് സൗജന്യമായി നൽകിയത്.
1990 ൽ ഈ കെട്ടിടം നാട്ടുകാരുടെ സഹകരണത്തോടെ കോണ്ക്രീറ്റ് ചെയ്ത് പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് വാടകയൊന്നും കൂടാതെ സൗജന്യമായി കുറ്റിയാനിക്കൽ കുടുംബം വിട്ടുകൊടുക്കുകയും ചെയ്തു. ഇവിടെ ആദ്യത്തെ പോസ്റ്റുമാസ്റ്ററായത് മാത്യുവിന്റെ മകനായ സെബാസ്റ്റ്യന്റെ ഭാര്യ ഏലമ്മയായിരുന്നു.
കത്തിടപാടുകൾ പേരിനു മാത്രമാണെങ്കിലും പോസ്റ്റോഫീസിന്റെ പ്രവർത്തനം ഇതുവരെ മുടങ്ങിയിട്ടില്ല. ബ്രാഞ്ച് പോസ്റ്റുമാസ്റ്ററും ഒരു അസിസ്റ്റന്റും മെയിൽ കാരിയറുമുൾപ്പെടെ മൂന്നു ജീവനക്കാരാണുള്ളത്.
വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തോടു ചേർന്ന മലയോര മേഖലയാണിവിടം. സ്വത്ത് നഷ്ടപ്പെട്ടാലും ജീവനെങ്കിലും സംരക്ഷിക്കാമെന്ന പ്രതീക്ഷയിൽ പല കുടുംബങ്ങളും ഇവിടെ നിന്ന് കുടിയിറങ്ങിക്കഴിഞ്ഞു. മണ്ണിൽ പൊന്നുവിളയിച്ച മലയോര കർഷകരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിഗണനയുടെ പ്രതീകമായ ഏക സ്ഥാപനമാണ് മലമുകളിലെ ഈ പോസ്റ്റോഫീസ്.
കൂടുതൽ സാന്പത്തിക ഇടപാടുകൾ നടന്നാൽ ഈ സ്ഥാപനത്തിന് പൂട്ടു വീഴാതിരിക്കുമെന്ന പ്രതീക്ഷയിൽ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിനെ പരമാവധി ഉപയോഗിക്കുകയാണിന്ന് പ്രദേശവാസികൾ.