എസ്എഫ്ഐ ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎസ്എഫിനെ വേട്ടയാടുന്നു: മുസ്ലിം ലീഗ്
1600854
Sunday, October 19, 2025 5:05 AM IST
മലപ്പുറം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അന്പേ തോൽവിയേറ്റതിനുശേഷം എസ്എഫ്ഐ ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎസ്എഫ് പ്രവർത്തകരെ വേട്ടയാടുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.
പേരാന്പ്രയിലും തേഞ്ഞിപ്പലത്തും സംഭവിച്ചത് അതാണ്. പോലീസിനെ കൂട്ടുപിടിച്ച് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു എസ്എഫ്ഐ. പ്രശ്ന പരിഹാരത്തിനെത്തിയ എംപിയെ പോലീസ് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ ഗതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
മാന്യമായ തെരഞ്ഞെടുപ്പ് നടന്നാൽ പരാജയപ്പെടുമെന്നറിയാവുന്നതുകൊണ്ട് എസ്എഫ്ഐ അതിന് അനുവദിക്കുന്നില്ല. വ്യാജ ബാലറ്റ് കടത്തിക്കൊണ്ട് വന്ന് വിദ്യാർഥികളുടെ തെരഞ്ഞെടുപ്പ് വിധിയെ തിരുത്താനാണ് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ ശ്രമിച്ചത്. പ്രതിഷേധങ്ങൾക്കെതിരെ ആഭ്യന്തരവകുപ്പിൽ നിന്ന് ഏകപക്ഷീയമായ നടപടിയാണുണ്ടാകുന്നത്.
പ്രതിപക്ഷ വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ഇപ്പോഴും ജയിലിലാണ്. രാത്രിയിൽ പോലും പലരുടെയും വീടുകളിലേക്ക് പോലീസ് ഇരച്ചുകയറുന്നു. പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും യുഡിഎഫിന്റെ സംയമനം ദൗർബല്യമല്ലെന്നും നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും പി.എം.എ. സലാം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, സി.പി.എ. അസീസ് പേരാന്പ്ര എന്നിവർ പങ്കെടുത്തു.