കാത്തിരിപ്പിനൊടുവിൽ ഗീത സ്വന്തം വീട്ടിലേക്ക്
1601618
Tuesday, October 21, 2025 7:21 AM IST
കാളികാവ്: തറപ്പണി തീർത്തശേഷവും ഒരു ദശാബ്ദത്തോളം വീടിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ചോക്കാട് ചിങ്കക്കല്ലിലെ ആദിവാസി കുടുംബാംഗമായ ഗീതയുടെ സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. ചുമരിന്റെ തേപ്പും ഫ്ളോറിംഗും പൂർത്തിയാകാൻ ഇനിയും ബാക്കിയുണ്ടെങ്കിലും ഗീതയുടെ കുടുംബം കഴിഞ്ഞ ദിവസം പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.
ഏറെ നിയമക്കുരുക്കുകളിൽപെട്ട് മുടങ്ങിക്കിടന്നിരുന്ന ഇവരുടെ വീട് നിർമാണം നാട്ടുകാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ശക്തമായി ഇടപെട്ടതോടെയാണ് വൈകിയാണെങ്കിലും പൂർത്തിയാക്കാനായത്. പത്തുവർഷം മുന്പ് ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ലിൽ ഗീതയുടെയും ബന്ധു സരോജിനിയുടെയും വീടുകളുടെ നിർമാണം തുടങ്ങിയെങ്കിലും തറ പണിത് രണ്ടാം ഗഡു തുകയ്ക്കായി ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഇടപെട്ട് നിർമാണം തടയുകയായിരുന്നു. വീട് വയ്ക്കുന്ന സ്ഥലം വന ഭൂമിയാണെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി തടഞ്ഞത്.
നിർമാണം മുടങ്ങിയ തറയുടെ സമീപം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിനുള്ളിൽ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി ഭർത്താവ് വിനോദിനൊപ്പം ഗീതയുടെ കുടുംബം അനുഭവിച്ച ദുരിതം ഏറെയാണ്.
പലപ്പോഴും കാട്ടാന ഉൾപ്പെടെ വന്യമൃഗാക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടിരുന്നത്. ഗീതയെുടെ നിസഹായാവസ്ഥ നിരവധി തവണ ‘ദീപിക’ വാർത്തയാക്കിയതോടെ ജില്ലാ ഭരണകൂടവും മറ്റധികാരികളും ഇവരുടെ വിഷയത്തിൽ ഇടപെട്ടതോടെയാണ് വീട് പണിയുന്നതിന് ഒടുവിൽ വനം വകുപ്പിന്റെ നിരോധനം നീങ്ങിയത്. തുടർന്ന് ഇവരുടെ വീട് നിൽക്കുന്ന സ്ഥലം അളന്ന് തിരിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിലന്പൂരിലെത്തിയപ്പോൾ ഇവർക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറി. അപ്പോഴേക്കും വീടിനായി ഐടിഡിപി അനുവദിച്ച ഫണ്ട് കാലഹരണപ്പെട്ടുവെന്ന പുതിയ പ്രശ്നം ഉടലെടുത്തു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാമെന്ന് അധികൃതർ ധാരണയിലെത്തിയെങ്കിലും യഥാസമയം ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതുമില്ല.
പിന്നീട് പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കുന്നതിന് ഉത്തരവ് ലഭിച്ചു. എന്നാൽ ഫണ്ട് നീക്കിയിരുപ്പില്ലെന്ന കാരണം പറഞ്ഞ് വീടിനുള്ള ഫണ്ട് ലഭ്യമാക്കുന്നത് വീണ്ടും വൈകി. വനംവകുപ്പ്, കളക്ടറേറ്റ്, പട്ടികവർഗ വികസനവകുപ്പ് എന്നീ ഓഫീസുകളിലെല്ലാം കഴിഞ്ഞ അഞ്ചെട്ട് വർഷക്കാലം ഗീത സങ്കടഹരജികളുമായി കയറിയിറങ്ങികൊണ്ടിരുന്നു. അവസാനം തറകെട്ടി പത്തുവർഷത്തെ കാത്തിരുപ്പിനു ശേഷം തടസങ്ങളെല്ലാം നീങ്ങി ആറുമാസം മുന്പ് ഫണ്ട് അനുവദിച്ച് കിട്ടിയതോടെയാണ് വീടുപണി ഇത്രയെങ്കിലും എത്തിക്കാൻ ഈ ആദിവാസി വീട്ടമ്മയ്ക്കായത്.