പൈപ്പുകൾ പൊട്ടി റോഡ് തകരുന്നു; ജൽജീവൻ പദ്ധതിയും ദുരിതമായേക്കും
1600708
Saturday, October 18, 2025 4:56 AM IST
കാളികാവ്: മലയോര ഹൈവേക്ക് ശാപമായി ചോക്കാടിലെ പുതിയ കുടിവെള്ള പദ്ധതി. മറ്റ് പല പദ്ധതികളെയും പോലെ ജൽജീവൻ പദ്ധതിയുടെ ട്രയൽ റണ്‍ നടത്തിയപ്പോഴേക്കും മൂന്നു സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജൽജീവൻ പദ്ധതിയും പരാജയപ്പെടുമെന്ന ആശങ്കയിലാണ് ചോക്കാട്ടിലെ ജനങ്ങൾ. ഉദരംപൊയിൽ അങ്ങാടിക്ക് സമീപത്തെ ടർഫ് സ്റ്റേഡിയത്തിന് സമീപത്തും മുജാഹിദ് മസ്ജിദിന് മുൻവശവുമാണ് ടാറിംഗ് നടത്തിയ സ്ഥലത്ത് പൈപ്പ് പൊട്ടി റോഡ് തകർന്നത്. പുല്ലങ്കോട് അങ്ങാടിയിലും പൈപ്പ് പൊട്ടി റോഡ് തകർന്നിട്ടുണ്ട്.
ജിഎസ്പി നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് പൈപ്പ് തകർന്നതെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്. മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും മറ്റം ഉപയോഗിച്ച് സ്രാന്പിക്കല്ലിന് സമീപത്ത് വരെയുള്ള നാല് കിലോമീറ്ററോളം ദൂരത്തിലുള്ള ഭാഗത്താണ് ട്രയൽ റണ്‍ നടത്തിയത്. അപ്പോഴേക്കും മൂന്ന് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നത്. മലയോര ഹൈവേയിൽ പല ഭാഗങ്ങളിലും പുറത്ത് യൂട്ടിലിറ്റി സ്പേസിലാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ കാളികാവ്, ചോക്കാട് ഭാഗങ്ങളിൽ അഴുക്കുചാലിനോട് ചേർന്ന് ടാറിംഗ് നടത്തിയ ഭാഗത്താണ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് ഭാവിയിൽ പൈപ്പ് പൊട്ടി റോഡ് തകർച്ചയ്ക്ക് കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ചോക്കാട്ടിലെ മധുമല കുടിവെള്ള പദ്ധതി പാളിയിരുന്നു. ഈ പദ്ധതി പ്രയോജനപ്പെടുത്തി നിർമിച്ച ജലനിധി പദ്ധതിയും വിജയമായിരുന്നില്ല.
ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാത്ത പദ്ധതിക്ക് വേണ്ടി ഏഴ് കോടിയോളം രൂപയാണ് അന്ന് ഖജനാവിൽ നിന്ന് പൊടിച്ചത്. ഇതിനു പുറമേ ഗുണഭോക്തൃ വിഹിതവും വലിയ തോതിൽ സമാഹരിക്കപ്പെട്ടു. 1700 ലധികം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുമെന്ന് പറഞ്ഞ പദ്ധതി സന്പൂർണമായ പരാജയമായി. ജൽജീവൻ പദ്ധതിയും ഇതുപോലെ വെള്ളം കിട്ടാതെ ദുരിതമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.