പെരിന്തൽമണ്ണയിൽ നാല് കടകളിൽ മോഷണം
1601275
Monday, October 20, 2025 5:30 AM IST
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരത്തിൽ പട്ടാന്പി റോഡിലെ നാല് കടകളിൽ മോഷണം. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫെഡറൽ ബാങ്കിന് സമീപം പട്ടാന്പി റോഡിന്റെ ഇരുഭാഗത്തുള്ള മെഡിക്കൽ ഷോപ്പ്, ബേക്കറി, ഫാൻസി, ഫ്രെയിംവർക്ക് കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. മെഡിക്കൽ ഷോപ്പിൽ നിന്ന് 5000 രൂപ നഷ്ടപ്പെട്ടു. കുന്നപ്പള്ളി പള്ളിപ്പുറത്ത് അബൂബക്കർ, കൊളക്കട ഉണ്ണീൻകുട്ടി എന്നിവരുടെ ഉടമയിലുള്ള റോയൽ മെഡിക്കൽസിന്റെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിത്.
പുളിക്കാവ് പള്ളത്തൊടി മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള പിഎംഎച്ച് ബേക്കറിയിലും മോഷണം നടന്നു. ഇവിടെയും പൂട്ട് തകർത്താണ് മോഷ്ടാവ് കടയിൽ കയറിയത്. ബേക്കറിയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടു. കട്ടുപ്പാറ ചെമ്മല ആഷിക്കിന്റെ അലങ്കാർ ഫ്രെയിം ഷോപ്പിലും മോഷ്ടാവ് കയറി മേശവലിപ്പ് പരിശോധിച്ചിട്ടുണ്ട്.
പുളിങ്കാവ് പള്ളത്തൊടി മുഹമ്മദ് ഷാഫിയുടെ ഷോപ്പി കളക്ഷൻ ഫാൻസി കടയുടെ ഷട്ടർ കന്പിപ്പാര കൊണ്ടുയർത്തി മുൻഭാഗത്തെ കട്ടിയുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് കടയിൽ കയറിയത്. കന്പിപ്പാരയും മറ്റൊരു ഇരുന്പ് ആയുധവും കടയുടെ മുന്നിൽ നിന്ന് കണ്ടെടുത്തു. ഗ്ലാസ് പൊട്ടിച്ചതിൽ 15000 ത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു.
പിഎംഎച്ച് ബേക്കറിയിലെ ജീവനക്കാരന്റെ ബൈക്ക് കടക്ക് സമീപം വച്ചിരുന്നു. ഈ ബൈക്കുമായാണ് കള്ളൻ കടന്നുകളഞ്ഞത്. പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി.