ബിഎസ്എൻഎൽ സിൽവർ ജൂബിലി നിലന്പൂരിൽ ബൈക്ക് റാലി ഇന്ന്
1601608
Tuesday, October 21, 2025 7:21 AM IST
നിലന്പൂർ: ബിഎസ്എൻഎൽ 2025 ഒക്ടോബറിൽ രാജ്യസേവനത്തിന്റെ അഭിമാനകരമായ 25 വർഷങ്ങൾ പൂർത്തീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് ബിഎസ്എൻഎൽ മലപ്പുറം ബിസിനസ് ഏരിയയുടെ ആഭിമുഖ്യത്തിൽ നിലന്പൂരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30 ന് നിലന്പൂർ ടിബി പരിസരത്ത് നിന്നാരംഭിക്കുന്ന 40 ബൈക്കുകളടങ്ങിയ റാലി പി.വി. അബ്ദുൾ വഹാബ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ ബിഎസ്എൻഎൽ മലപ്പുറം സീനിയർ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ നിലന്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യാതിഥിയായിരിക്കും.
റാലി നിലന്പൂരിൽ നിന്നാരംഭിച്ച് കനോലിയിലെത്തി തിരികെ ചുങ്കത്തറ, എടക്കര, കരുളായി, പൂക്കോട്ടുംപാടം, കാളികാവ,് കരുവാരക്കുണ്ട്, തുവൂർ എന്നിവിടങ്ങൾ സഞ്ചരിച്ച് വൈകുന്നേരം അഞ്ചരക്ക് വണ്ടൂർ ടൗണ്‍ സ്ക്വയറിൽ സമാപിക്കും. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം മുഖ്യാതിഥിയായിരിക്കും. ഓരോ സ്ഥലത്തും ബൈക്ക് റാലിക്ക് ജനപ്രതിനിധികൾ സ്വീകരണം നൽകും. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ട് അടക്കമുള്ള മത്സരങ്ങളും നടത്തും. സിൽവർ ജൂബിലി പ്രമാണിച്ച് 15 മുതൽ നവംബർ 15 വരെ ഒരു രൂപക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റയും കാളുകളുമുള്ള 30 ദിവസം കാലാവധിയുള്ള പുതിയ കണക്ഷൻ നൽകുന്നു.
നിലന്പൂർ ആദിവാസി ഗോത്ര മേഖലയിൽ 4 ജിയുള്ള ആറു മൊബൈൽ ടവറുകൾ സ്ഥാപിച്ചു.പത്രസമ്മേളനത്തിൽ സബ് ഡിവിഷണൽ എൻജിനീയർ ഫൈസൽ എലാട്ടുപറന്പിൽ, ജൂണിയർ ടെലികോം ഓഫീസർമാരായ കെ. പ്രജിൻകുമാർ, നൂർജഹാൻ ചോലക്കൽ എന്നിവർ പങ്കെടുത്തു.