കനത്ത മഴയിൽ എടക്കര മേഖലയിൽ വ്യാപക നാശം
1600881
Sunday, October 19, 2025 5:45 AM IST
എടക്കര: കനത്ത മഴയയെത്തുടർന്ന് എടക്കര മേഖലയിൽ തോടുകളും പുഴകളും നിറഞ്ഞൊഴുകി വ്യാപക നാശം. വഴിക്കടവിൽ വീടുകളിൽ വെള്ളം കയറി. കോഴി ഫാമിൽ വെള്ളം കയറി ഒട്ടനവധി കോഴികൾ ചത്തു. പൂവത്തിപ്പൊയിൽ ഡീസന്റ്കുന്ന് പട്ടികവർഗ ഊരിലേതടക്കം പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.
അത്തിത്തോടിന് ചേർന്ന പുളിയക്കോടൻ കരീമിന്റെ കോഴിഫാമിലാണ് വെള്ളം കയറി കോഴികൾ ചത്തത്. കീടത്ത് അബ്ദുൾ ലത്തീഫിന്റെ ചിപ്സ് യൂണിറ്റിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ മണിമൂളി ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് ഒരു മണിക്കൂറേളം ഗതാഗതം തടസപ്പെട്ടു. കാരക്കോടൻ പുഴ, പാണ്ടിപ്പുഴ, അത്തിത്തോട് എന്നിവ നിറഞ്ഞ് കവഞ്ഞെഴുകി.
പാണ്ടിപ്പുഴയുടെ മണക്കാട് പാലം വെള്ളത്തിനടിയിലായി. എടക്കര ടൗണും പരിസരവും വെള്ളക്കെട്ടിലായി. എടക്കര, പോത്തുകൽ, ചുങ്കത്തറ എന്നിവിടങ്ങളിലും കനത്ത മഴയിൽ റോഡുകൾ വെള്ളക്കെട്ടിലായി. നിരവധി കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് മേഖലയിൽ അതിശക്തമായ ഇടിയും മഴയുമുണ്ടായത്.