കൂട്ടായ്മ സംഘടിപ്പിച്ച് വായനശാല
1601612
Tuesday, October 21, 2025 7:21 AM IST
ആനമങ്ങാട് : എടത്തറ പൊതുജന വായനശാലയുടെ സുവർണ ജൂബിലി വർഷത്തോടനുബന്ധിച്ച് ‘അത്രമേൽ ഹൃദ്യം’ എന്ന പരിപാടിയുടെ ആദ്യ കൂട്ടായ്മ സംഘടിപ്പിച്ചു.
വായനശാലയുടെ തുടക്കക്കാരെയും അഭ്യുദയകാംക്ഷികളെയും അവരുടെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കുന്നതാണ് പരിപാടി. ഇതിന്റെ ഭാഗമായി നടത്തിയ സൗഹൃദ സന്ദർശനത്തിൽ വായനശാലക്കൂട്ടം അവരുടെ വീട്ടിലെത്തി ഇത്തിരി നേരം ഒപ്പമിരുന്ന് സംസാരിച്ച് വായനശാലയുടെ സ്നേഹമുദ്ര നൽകി പിരിയുകയാണ് എടത്തറ വായനശാലയുടെ അത്രമേൽ ഹൃദ്യം എന്ന വ്യത്യസ്ത പരിപാടി.
വായനശാലയുടെ ആദ്യകാല പ്രവർത്തകനും സംഘാടകനുമായിരുന്ന കെ.ടി. മുഹമ്മിന്റെവീട്ടിലാണ് ആദ്യകൂട്ടായ്മ നടന്നത്. നാട്ടിലെ ആദ്യകാല സുഹൃത്തുക്കൾ ഓർമകൾ പങ്കിട്ടു. തുടർന്ന്
കെ.ടി. മുഹമ്മദിനെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗം വേണു പാലൂർ ഉദ്ഘാടനം ചെയ്തു. വി.ടി. ബഷീർ അധ്യക്ഷത വഹിച്ചു. ഇ. രഘു, പീതാംബരൻ ആനമങ്ങാട്, കെ.ടി. ഹുസൈൻ ഹാജി, കെ.എം. ഉബൈദുള്ള, വി.എം. മുഹമ്മദ്, വായനശാല കമ്മിറ്റി പ്രസിഡന്റ് വി.ടി. അബ്ദുൾ ഹമീദ്, സെക്രട്ടറി കെ.എം. അബ്ദുൾ ഗഫൂർ, ഇ.ബാബു, ടി.പി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.