മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിന് ചികിത്സയൊരുക്കി പോലീസ്
1601621
Tuesday, October 21, 2025 7:21 AM IST
ചങ്ങരംകുളം: മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് റോഡരികിലെ പൊന്തക്കാട്ടിൽ കിടന്ന യുവാവിന് കേരളാ പോലീസിന്റെ കരുതലിൽ പുതുജീവൻ. ഇന്നലെ രാവിലെ ഒന്പതോടെ ചങ്ങരംകുളത്താണ് സംഭവം. സംസ്ഥാന പാതയോരത്ത് എസ്ബിഐ ബാങ്കിന് സമീപം പൊന്തക്കാട്ടിൽ യുവാവ് അബോധാവസ്ഥയിൽ കിടക്കുന്ന വിവരം അറിഞ്ഞാണ് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയത്.
സംസാരിച്ച് തുടങ്ങിയതോടെ ബീഹാർ സ്വദേശിയാണെന്നും മങ്കേഷ് എന്നാണ് പേരെന്നും മനസിലാക്കി. യുവാവ് വിശന്ന് വലഞ്ഞ നിലയിലാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാൾക്ക് ഭക്ഷണം വാങ്ങിനൽകി.
തുടർന്ന് ചെറിയ രീതിയിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സെഹീറിന്റെ സഹായത്തോടെ ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. യുവാവിനെ പോലീസ് തന്നെ ഇടപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐമാരായ രാധാകൃഷ്ണപിള്ള, വി.എസ്. സുധീർ, പോലീസുകാരായ സുധീഷ്, അജിത്ത് ലാൽ, ബിജു, സ്പെഷൽ ബ്രാഞ്ച് ഓഫീസർ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിന്റെ രക്ഷക്കെത്തിയത്.