മാലിന്യനിർമാർജനത്തിന് പുതുവഴി : അങ്ങാടിപ്പുറത്ത് കൗതുകമുണർത്തി "കുപ്പിയാന’
1600706
Saturday, October 18, 2025 4:56 AM IST
അങ്ങാടിപ്പുറം: ഉപയോഗശൂന്യമായി വലിച്ചെറിയുന്ന കുപ്പികൾ കൊണ്ട് ആനയുടെ ശില്പം തീർത്ത് അങ്ങാടിപ്പുറം പഞ്ചായത്തിന്റെ മാലിന്യനിർമാർജനം ശ്രദ്ധയാകർഷിക്കുന്നു. പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ശുചിത്വ ശില്പം പണിയുന്നതിനായി ഉപയോഗിച്ചത്. പഞ്ചായത്ത് പല സ്ഥലങ്ങളിലായി സ്ഥാപിച്ച 32 ബോട്ടിൽ ബൂത്തുകളിൽ നിന്ന് ശേഖരിച്ചവയാണ് പ്ലാസ്റ്റിക് കുപ്പികൾ. പെരിന്തൽമണ്ണ സബ്കളക്ടർ സാക്ഷി മോഹൻ കുപ്പിയാന ശില്പം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു, ഫൗസിയ തവളേങ്ങൽ, സെലീന താണിയൻ, മെന്പർമാരായ പി.പി. ശിഹാബ്, അനിൽ പുലിപ്ര, ഷംസാദ് ബീഗം, കോറാടൻ റംല, എം.കെ. ഖദീജ, വാഹിദ, സെക്രട്ടറി സുഹാസ് ലാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജബ്ബാർ, കില ആർപി ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി "അഴകുള്ള അങ്ങാടിപ്പുറം’ എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്ത് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മാലിന്യ ശില്പം സ്ഥാപിച്ചത്. കുപ്പിയാനയെ കാണാൻ നിരവധി പേരെത്തി. ശില്പം നിർമിച്ച വളാഞ്ചേരിയിലെ ഹംസക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു.