ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണം: കേരള കോണ്ഗ്രസ്
1601259
Monday, October 20, 2025 5:06 AM IST
പെരിന്തൽമണ്ണ: ക്രിസ്ത്യൻ സമുദായത്തിന്റെ ദുരവസ്ഥ പരിഹരിക്കുവാനുള്ള ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പെരിന്തൽമണ്ണയിൽ ചേർന്ന കേരള കോണ്ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ-ന്യൂനപക്ഷ അവകാശത്തിന് മേലുള്ള സർക്കാരിന്റെ കടന്നുകയറ്റവും മതസൗഹാർദത്തിന് തടസമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളിൽ നിന്ന് ഗവണ്മെന്റ് പിൻവാങ്ങി, വിദ്യാഭ്യാസ മാനേജ്മെന്റുകളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. ജീവിക്കുവാനുള്ള മലയോര കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന വനം - വന്യജീവി സംരക്ഷണ നിയമങ്ങൾ അടിയന്തരമായി പൊളിച്ചഴുതി കർഷകർക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഇടതുഭരണത്തെ തൂത്തെറിയുവാൻ റബർ കർഷക സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. 2021 ലെ പ്രകടനപത്രികയിൽ റബറിന് 250 രൂപ തറവില എന്ന മോഹന വാഗ്ദാനം നൽകി വഞ്ചിച്ചിരിക്കുകയാണ് ഈ സർക്കാരെന്ന് യോഗം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനമുള്ള മേഖലകളിൽ യുഡിഎഫുമായി സഹകരിച്ച് സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പെടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മാത്യുവർഗീസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ആലിക്കുട്ടി എറക്കോട്ടിൽ, കെ.എം. ഇഗ്നേഷ്യസ്, ടി.ഡി. ജോയി, വിൻസി അനിൽ, സതീഷ് വർഗീസ്, ഏബ്രഹാം കുര്യൻ, എ.ജെ. ആന്റണി, വി.ബി. സുരേഷ്, സക്കീർ ഒതള്ളൂർ, തോമസ് ടി. ജോർജ്, റോയ് ജോസഫ്, പി.കെ. മാത്തുക്കുട്ടി, നിധിൻ ചാക്കോ, ടി.ഡി. സജേഷ് ഫിലിപ്പ്, അഡ്വ. അർജുൻ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.