കിരീടം വീണ്ടെടുത്ത് എടപ്പാൾ : കടകശേരി ഐഡിയലിന് സ്കൂൾ ചാന്പ്യൻപട്ടം
1601271
Monday, October 20, 2025 5:30 AM IST
ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങി
ചാത്തന്നൂർ: ജില്ലാ സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം കൈവിട്ട കിരീടം തിരിച്ചുപിടിച്ച് എടപ്പാൾ ഉപജില്ലയുടെ മുന്നേറ്റം. 351 പോയിന്റുമായാണ് എടപ്പാൾ ഉപജില്ല ഓവറോൾ കിരീടം ഇത്തവണ സ്വന്തമാക്കിയത്.
15 വർഷം എടപ്പാൾ കൈവശം വച്ച ഓവറോൾ കിരീടം കഴിഞ്ഞ വർഷം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിന്റെയും ആലത്തിയൂർ കഐച്ച്എംഎച്ച്എസ് സ്കൂളിന്റെയും കരുത്തിൽ
തിരൂർ സ്വന്തമാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം കടകശേരി ഐഡിയൽ സ്കൂളിന്റെ കുതിപ്പിൽ എടപ്പാൾ ഉപജില്ല വീണ്ടും കിരീടമണിയുകയായിരുന്നു. 33 സ്വർണവും 37 വെള്ളിയും 33 വെങ്കലവുമാണ് എടപ്പാൾ ഉപജില്ല നേടിയത്.
നവാമുകുന്ദയുടെയും ആലത്തിയൂരിന്റെയും കുതിപ്പിൽ 36 സ്വർണവും 22 വെള്ളിയും 14 വെങ്കലവുമായി 292 പോയിന്റോടെ തിരൂർ ഉപജില്ലക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി അടയേണ്ടിവന്നു. കഴിഞ്ഞ വർഷം 344 പോയിന്റുമായാണ് തിരൂർ ഉപജില്ല ഓവറോൾ കിരീടം കരസ്ഥമാക്കിയത്.
10 സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവുമായി 91 പോയിന്േറാടെ അരീക്കോട് മൂന്നാമതും അഞ്ച് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 66.5 പോയന്റുമായി താനൂർ ഉപജില്ല നാലാമതുമെത്തി.
കടകശേരി ഐഡിയൽ സ്കൂൾ ചാന്പ്യൻപട്ടം നിലനിർത്തി. 26 സ്വർണവും 31 വെള്ളിയും 29 വെങ്കലവുമടക്കം 252 പോയിന്റുമായാണ് ഐഡിയൽ ചാന്പ്യൻമാരായത്. തുടർച്ചയായി 18-ാം തവണയാണ് ഐഡിയൽ ചാന്പ്യൻപട്ടം നിലനിർത്തുന്നത്. 22 സ്വർണവും 10 വെള്ളിയും 10 വെങ്കലവുമടക്കം 150 പോയിന്േറാടെ തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 10 സ്വർണം എഴ് വെള്ളി മൂന്ന് വെങ്കലം അടക്കം 74 പോയിന്റ് കരസ്ഥമാക്കി കഐച്ച്എംഎച്ചഎസ്എസ് ആലത്തിയൂർ മൂന്നാമതായി.
മൂന്ന് ദിവസങ്ങളിലായി പാലക്കാട് ജില്ലയിലെ ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ട്രാക്കിലും ഫീൽഡിലും പിറ്റിലും കടകശേരി ഐഡിയലും തിരുനാവായ നവാമുകുന്ദയും ആലത്തിയൂർ കഐച്ച്എംഎച്ച്എസ്എസും ശക്തമായ സാന്നിധ്യമറിയിച്ചപ്പോൾ കായികമേള തീർത്തും വാശിയേറിയതായിരുന്നു. ദേശീയ നിലവാരത്തിലേക്കുയർന്നായിരുന്നു താരങ്ങളുടെ പ്രകടനങ്ങളെന്ന് കായികാധ്യപകർ വിലയിരുത്തി.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അത് ലറ്റിക്സിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ഓവറോൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തിനായിരിക്കും മൽസരത്തിനിറങ്ങുക.