തിരുമാന്ധാംകുന്നിൽ ഭക്തിനിറവിൽ ആട്ടങ്ങയേറ്
1600877
Sunday, October 19, 2025 5:45 AM IST
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭക്തിയുടെ ആവേശമായി ആട്ടങ്ങയേറ്. പരമശിവൻ മാന്ധാതാവ് മഹർഷിക്ക് വരമായി നൽകിയ ശിവലിംഗം വീണ്ടെടുക്കാനെത്തിയ ഭദ്രകാളിയുടെ ഭൂതഗണങ്ങളും പ്രതിരോധിച്ച മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ ഘോരയുദ്ധത്തെ ഭക്തർ ആട്ടങ്ങയേറിലൂടെ പുനരാവിഷ്കരിച്ചു.
ഭൂതപ്പടയുടെ അസ്ത്രങ്ങളെ പ്രതിരോധിക്കാൻ മഹർഷി ശിഷ്യർ പറിച്ചെറിഞ്ഞ ആട്ടങ്ങകളിലെ ഓരോ വിത്തുകളും അസ്ത്രങ്ങളായി രൂപാന്തരപ്പെട്ടുവെന്നാണ് ഐതിഹ്യം. പന്തീരടി പൂജയ്ക്ക് തൊട്ടുമുന്പായി ഭക്തജനങ്ങൾ വടക്കേ നടയിൽ പത്ത് നടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായി രണ്ടു ചേരിയായി നിന്ന് ഭഗവതിയെ മനസിൽ ധ്യാനിച്ച് ആട്ടങ്ങകൊണ്ട് പരസ്പരം എറിഞ്ഞു.
ചടങ്ങിൽ ഏറു കൊള്ളുന്നതും എറിയുന്നതും അനുഗ്രഹദായകമെന്നാണ് ഭക്തരുടെ വിശ്വാസം. സാധാരണയായി നിലന്പൂർ കാടുകളിൽ നിന്നാണ് ആട്ടങ്ങകൾ എത്തിക്കാറുള്ളത്. ഇത്തവണ വയനാട്ടിൽ നിന്നും ആട്ടങ്ങകൾ എത്തിച്ചു. അതേസമയം സ്ത്രീകൾ എറിയാൻ പാടില്ലെന്നുമുണ്ട്. പന്തിരടി പൂജക്ക് ശേഷം മാതൃശാലയിലേക്ക് ആട്ടങ്ങകൾ വർഷിക്കുന്നതോടെ ചടങ്ങ് പൂർത്തിയായി.