മുപ്പിനിയില്‍ പുതിയ പാലം വരുന്നു
1496300
Saturday, January 18, 2025 5:59 AM IST
എടക്കര: പ്രധാന്‍മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ പാലം മുപ്പിനിയില്‍ ഈ മാസം 27 ന് നിര്‍മാണം ആരംഭിക്കും. പുന്നപ്പുഴയ്ക്ക് കുറുകെ മുപ്പിനിയിലാണ് എടക്കര, മൂത്തേടം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ കൂട്ടിയിണക്കുന്ന പാലം പണിയുന്നത്.
ഇരുപത് വര്‍ഷം മുമ്പ് നിര്‍മിച്ച മുപ്പിനി കോസ്വേ 2018, 19, 24 വര്‍ഷങ്ങളിലെ പ്രളയകാലത്ത് വെള്ളത്തിനടിയിലാവുകയും ജനജീവിതം ദുസഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രളയകാലത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിനേക്കാള്‍ ഉയരത്തില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
രാഹുല്‍ഗാന്ധി പാര്‍ലമെന്റ് അംഗമായിരിക്കെ കേന്ദ്ര ഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ട പ്രകാരമാണ് പുതിയ പാലത്തിന് അനുമതിയായത്. ഒരു വര്‍ഷം മുമ്പ് കേരള ഗ്രാമീണ റോഡ് വികസന ഏജന്‍സി ചീഫ് എന്‍ജിനിയര്‍ ആര്.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ഡിസൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഒരു ഭാഗം വനഭൂമിയായതിനാല്‍ നേരിട്ട തടസങ്ങള്‍ വനം, പൊതുമരാമത്ത് മന്ത്രിമാര്‍ ഇടപെട്ട് പരിഹരിച്ചു.
തുടര്‍ന്ന് സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ അടുത്തിടെയാണ് നടന്നത്. ഏഴ് കോടി രൂപയാണ് പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാല്പത് ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും അറുപത് ശതമാനം കേന്ദ്രഫണ്ടുമാണ്. പാലത്തിന് 90 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമാണുണ്ടാകുക. പാലം നിര്‍മാണത്തിന്റെ മുന്നോടിയായി പദ്ധതിയില്‍ ഉള്‍പ്പെട്ട മുപ്പിനി വരക്കോട് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
നിലവിലുള്ള കോസ്വേ പൊളിച്ചുനീക്കിയാണ് അതേ സ്ഥലത്ത് പുതിയ പാലം പണിയുന്നത്. പുതിയ പാലം നിര്‍മാണം ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.