ദുരന്ത ലഘൂകരണ ദിനാചരണം: 10 അംഗങ്ങള്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍
1486651
Friday, December 13, 2024 4:21 AM IST
മലപ്പുറം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ ദുരന്തസാധ്യതാ ലഘൂകരണ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ സംയുക്ത തീരുമാനപ്രകാരം ആരംഭിച്ചതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം.
ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ലോകം കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ഈ ദിനം. ’സുസ്ഥിരമായ ഭാവിക്കായി യുവ തലമുറയെ ശാക്തീകരിക്കുക’ എന്ന ആശയമാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം മുന്നോട്ടുവയ്ക്കുന്നത്.
ഈ ആശയത്തെ മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഫയര്‍ഫോഴ്സ് വകുപ്പും സംയുക്തമായി ജില്ലയിലെ ആപ്ദാ മിത്ര അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 10 പേര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്കി കളക്ടര്‍ ചടങ്ങില്‍ ആദരിച്ചു.
രാജ്യം പലതരത്തിലുള്ള ദുരന്തങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ആപ്ദാ മിത്ര എന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി നടപ്പാക്കിയത്. എല്ലാ ജില്ലകളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്കി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മലപ്പുറം ജില്ലയിലെ 500 ആപ്ദാ മിത്ര അംഗങ്ങളില്‍ 101 പേര് ട്രൈബല്‍ വോളണ്ടിയേഴ്സാണ്. ചടങ്ങില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര് അന്‍വര്‍ സാദത്ത്, മലപ്പുറം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ സലീം, പെരിനല്മണ്ണ സ്റ്റേഷന് ഓഫീസര്‍ ബാബുരാജ്, ആപ്ദാ മിത്ര കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദലി, ഹസാര്‍ഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.