പെരിന്തല്‍മണ്ണ നഗരസഭയില്‍ ഡിജിറ്റല്‍ സര്‍വേ ഇന്ന് മുതല്‍
1486396
Thursday, December 12, 2024 2:49 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ പരിധിയിലെ മുഴുവന്‍ കൈവശ ഭൂമിയുടെയും ഡിജിറ്റല്‍ സര്‍വേ ഇന്ന് മുതല്‍ ആരംഭിക്കും. പാതായ്ക്കര, പെരിന്തല്‍മണ്ണ വില്ലേജുകളിലെ കൈവശഭൂമിയാണ് നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്നത്. രണ്ട് വില്ലേജുകളിലുമായി 3500 ഹെക്ടര്‍ ഭൂമി ഉണ്ടെന്നാണ് പഴയസര്വേ രേഖയിലുള്ളത്. 20 സര്‍വേ മെഷീന് ഉപയോഗിച്ച് 20 ടീമുകള്‍ ഒരേസമയം സര്‍വേ ജോലികളില്‍ പങ്കെടുക്കും. പെരിന്തല്‍മണ്ണ താലൂക്കില്‍ കുരുവമ്പലം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി.
ആനമങ്ങാട് വില്ലേജില്‍ സര്‍വേ നടന്നുവരുന്നു. സര്‍വേ സംഘം എത്തുമ്പോള്‍ ഭൂവുടമകള്‍ ആധാരം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. ഒപ്പം ഭൂമിയുടെ അതിര് സര്‍വേ സംഘത്തിന് കാണിച്ച് കൊടുക്കണം. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ ശേഷം പരാതിയുള്ളവര്‍ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന് സമീപത്തെ പഴയ കോടതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഓഫീസില്‍ പരാതി നല്‍കാം. പരാതിക്കാരന്റെ ഭൂമി വീണ്ടും സര്‍വേ നടത്തി പ്രശ്നം പരിഹരിക്കും. ഡിജിറ്റല്‍ സര്‍വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫീസില്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് പി. ഷാജി അധ്യക്ഷനായിരിക്കും.