"കാരാട്ട് കുറീസ് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം’
1486248
Wednesday, December 11, 2024 7:42 AM IST
നിലമ്പൂര്‍: എടക്കരയിലെയും നിലമ്പൂരിലെയും പോലീസ് നീതി നിഷേധിക്കുന്ന സാഹചര്യത്തില്‍ കാരാട്ട് കുറീസ്, ധന ക്ഷേമനിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ജീവനക്കാര്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ല. ഇരകളെ സംരക്ഷിക്കേണ്ട പോലീസ് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു.
അന്വേഷണംമന്ദഗതിയില് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് 17ന് മലപ്പുറം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞു. പരാതി നല്കി ഒരുമാസം ആകാറായിട്ടും കാരാട്ട് കുറീസിനെ സംബന്ധിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് തെളിവെടുപ്പ് നടത്തിയിട്ടില്ല.
ജീവനക്കാര്‍ ജോലിക്ക് കയറിയപ്പോള്‍ വാങ്ങിവച്ച രേഖകള്‍ സ്ഥാപന ഉടമകളുടെ കൈവശമാണുള്ളത്. കൂരിയാട് ഹെഡ് ഓഫീസില്‍ സൂക്ഷിച്ച ഈ രേഖകള്‍ ജീവനക്കാര്‍ക്ക് തിരിച്ചു കിട്ടാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചാല്‍ മാത്രമേ മറ്റെന്തെങ്കിലും ജോലിയില്‍ പ്രവേശിക്കാനും കഴിയുകയുള്ളൂ. ഇതിനാവശ്യമായ നിയമ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.