കപ്പ പറിക്കുന്നതിനിടയില്‍ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു
1486307
Wednesday, December 11, 2024 10:11 PM IST
എടക്കര: കൃഷിയിടത്തില്‍ കപ്പ പറിക്കുന്നതിനിടയില്‍ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ വഴിക്കടവ് ആനപ്പാറ പുത്തന്‍വീട്ടില്‍ രാമകൃഷ്ണന് (49) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്നലെ രാവിലെ 8.15 നാണ് സംഭവം.
സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കപ്പ പറിക്കുന്നതിനിടയില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. നാട്ടുകാര്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വൈകുന്നേരത്തോടെ പുത്തരിപ്പാടം ശ്മശാനത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ വഴിക്കടവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഭാര്യ: ഉഷ. മക്കള്‍: സുധീഷ്, സുരേഖ, ആദിത്യ. പിതാവ്: വേലായുധന്. മാതാവ്: ലക്ഷ്മി.