ഉപതെരഞ്ഞടുപ്പ്: കരുത്തുകാട്ടി യുഡിഎഫ്
1486392
Thursday, December 12, 2024 2:49 AM IST
മഞ്ചേരി: ജില്ലയിലെ നാലിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ യുഡിഎഫിന് മേല്‍ക്കൈ. ഒരിടത്ത് എല്‍ഡിഎഫിന് ജയം. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന് വിജയിച്ചത്. മഞ്ചേരിയിലും തൃക്കലങ്ങോടും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. മൂന്ന് സീറ്റിലും യുഡിഎഫ് ആണ് വിജയിച്ചത്. ഇതില്‍ രണ്ട് സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. മഞ്ചേരി നഗരസഭയിലെ 49ാം വാര്‍ഡ് കരുവമ്പ്രം, തൃക്കലങ്ങോട് പഞ്ചായത്തിലെ 21ാം വാര്‍ഡ് മരത്താണി എന്നിവയാണ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.
40 വര്‍ഷത്തെ കുത്തക തകര്‍ത്തെറിഞ്ഞ് എല്‍ഡിഎഫിലെ സി. വിബിനെ 43 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിലെ പി.എ. ഫൈസല്‍ മോന് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എ. ഫൈസല്‍മോന്‍ 458 വോട്ടു ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി സി. വിബിന് 415 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച 59 വോട്ടില്‍ 19 വോട്ട് മാത്രമാണ് ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ഥിയായ കെ.വി. സത്യന് നേടാനായുള്ളൂ. വാര്‍ഡിലെ കൗണ്‍സിലറായിരുന്ന പി. വിശ്വനാഥന് ഇരട്ട പദവി ആനുകൂല്യം കൈപറ്റിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന് അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
520 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുസ്ലിം ലീഗിലെ കെ.ടി. ലൈല ജലീല്‍ മരത്താണിയില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ദിവ്യയെയാണ് പരാജയപ്പെടുത്തിയത്. വാര്‍ഡ് മെംബറായിരുന്ന അജിത കലങ്ങോടിപറമ്പ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡ് ആയിരുന്ന മരത്താണിയില്‍ 2020ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന സലീന ബഷീറിനെ 36 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അജിത തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ 1054 വോട്ടുകള്‍ നേടി ഇത്തവണ വാര്‍ഡ് ലീഗ് തിരിച്ചുപിടിക്കുകയായിരുന്നു. 534 വോട്ടു മാത്രമാണ് സിപിഎമ്മിലെ പി. ദിവ്യക്ക് ലഭിച്ചത്. ബിജെപിയുടെ വിജിമോള്‍ക്ക് 155 വോട്ടും ലഭിച്ചു.
ജില്ല പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനില്‍ ഭൂരിപക്ഷം ഉയര്‍ത്തിയാണ് എ.പി. ഉണ്ണികൃഷ്ണന്റെ പിന്‍ഗാമിയായി എന്‍.എം. രാജന് തെരഞ്ഞെടുക്കപ്പെട്ടത്. 6786 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.സി. ബാബുരാജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 1661 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്.
ഡിവിഷന്റെ ഭാഗമായ തൃക്കലങ്ങോട്, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെല്ലാം സ്ഥാനാര്‍ഥി വോട്ടുവിഹിതം വര്‍ധിപ്പിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ എന്‍.എം. രാജന് 26480 വോട്ടു ലഭിച്ചപ്പോള്‍ സിപിഎമ്മിലെ കെ.സി. ബാബുരാജിന് 19694 വോട്ടും ബിജെപിയിലെ എ.പി. ഉണ്ണിക്ക് 2538 വോട്ടുമാണ് ലഭിച്ചത്.
എല്‍ഡിഎഫ് ഭരിക്കുന്ന ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് പതിനെട്ടാം വാര്‍ഡില്‍ യുഡിഎഫ് മെംബറായിരുന്ന ഹക്കീം പെരുമുക്ക് പെന്ഷന് തട്ടിപ്പ് പരാതിയെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലി പരുവിങ്ങലിനെ 410 വോട്ടിന് പരാജയപ്പെടുത്തി ചരിത്ര ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹിമാന് വാര്‍ഡ് തിരിച്ച് പിടിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹക്കീം പെരുമുക്കിനോട് മത്സരിച്ച് പരാജയപ്പെട്ട അബ്ദുറഹിമാന് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിന് വേണ്ടി മത്സര രംഗത്ത് വന്നത്. 2268 വോട്ടര്‍മാരില്‍ 1626 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ഥി ഷിബു തണ്ടതായില്‍ 92 വോട്ട് നേടിയപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച റഷീദ് 134 വോട്ട് നേടി. എല്‍ഡിഎഫ് സീറ്റ് തിരിച്ചു പിടിച്ചതോടെ ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 11, യുഡിഎഫിന് 8 എന്നിങ്ങനെയാണ് കക്ഷി നില.