കൃഷിയിടം വിട്ടൊഴിയാതെ കാട്ടാനകള്‍; കര്‍ഷക ജീവിതം ദുസഹം
1486250
Wednesday, December 11, 2024 7:42 AM IST
കരുവാരകുണ്ട്: കല്‍ക്കുണ്ടിലെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് പതിവാകുന്നു. ഇന്നലെ രാവിലെ ആറോടെ ആര്‍ത്തലക്കുന്നില്‍ നിന്നെത്തിയ അഞ്ച് കാട്ടാനകള്‍ കല്‍ക്കുണ്ട് സെന്റ് മേരീസ് പള്ളിയുടെ പരിസരത്തെ പുഴയിലെത്തി.
പുഴയില്‍ കുളിക്കാനെത്തിയവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ഒലിപ്പുഴയും കല്‍ക്കുണ്ട് കിഴക്കേതല റോഡും മുറിച്ചുകടന്ന് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് കൊങ്ങമല ബിജുവിന്റെ ഉൾപ്പെടെ നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു.
കല്‍ക്കുണ്ട്, അല്‍ഫോന്‍സ് ഗിരി പ്രദേശങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ കാട്ടാന ശല്യം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. രാവിലെ ജോലിക്ക് പോകുന്നവരും ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്.
കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പകല്‍ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്ന് മലയോര കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് അതിജീവനത്തിനായി തീവ്രശ്രമം നടത്തുന്ന കര്‍ഷകരെയാണ് കാട്ടാനശല്യം കൂടുതലായും പ്രതിസന്ധിയിലാക്കുന്നത്. ആനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.