ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂന്താനം സാംസ്കാരിക നിലയം യാഥാര്‍ഥ്യത്തിലേക്ക്
1486390
Thursday, December 12, 2024 2:49 AM IST
പെരിന്തല്‍മണ്ണ: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കീഴാറ്റൂരിലെ പൂന്താനം സ്മാരക സാംസ്കാരിക നിലയം യാഥാര്‍ഥ്യത്തിലേക്ക്. 1.35 കോടി രൂപ ചെലവില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലാണ് സാംസ്കാരിക നിലയം പണിയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ രണ്ട് ഘട്ടങ്ങളിലായി പൂന്താനം സ്മാരക ഓഡിറ്റോറിയവും സാംസ്കാരിക നിലയവും പണിയാന്‍ പദ്ധതി തയാറാക്കി. കിഴാറ്റൂര്‍ മേലാറ്റൂര്‍ റോഡില്‍ പൂന്താനം സ്മാരക സമിതി സൗജന്യമായി വിട്ടുകൊടുത്ത 50 സെന്റിലാണ് ഓഡിറ്റോറിയവും സാംസ്കാരിക നിലയവും പണിതത്.
ഒന്നാംഘട്ടമായി സ്റ്റേജും ആംഫി തിയേറ്ററും നിര്‍മിച്ചു. ഗാലറിയുടെ പ്രവൃത്തിയും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലാണ് സാംസ്കാരിക നിലയത്തിന് പദ്ധതി ആവിഷ്കരിച്ചത്. 2017ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. മലപ്പുറം നിര്‍മിതി കേന്ദ്രമായിരുന്നു നിര്‍മാണ മേല്‍നോട്ടം. ഓരോ ഭാഗവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കരാറുകാരന് ഫണ്ട് നല്കുമെന്നതായിരുന്നു വ്യവസ്ഥ.
എന്നാല്‍ പൂര്‍ത്തിയായ ഭാഗത്തിന് പണം ലഭിക്കാതെ വന്നതോടെ കരാറുകാരന് പണി നിര്‍ത്തിവച്ചു. പൂന്താനം സ്മാരക ഓഡിറ്റോറിയത്തിന്റെ മേല്‍ നിലയില്‍ ഹാളും താഴെ ഭാഗത്ത് ഓഫീസ്, സ്വീകരണമുറി, ഗ്രീന്‍ റൂം, ഗസ്റ്റ് റൂം, ശുചിമുറി എന്നിവയാണ് വിഭാവനം ചെയ്തത്. പണം ലഭിക്കാതെ മൂന്ന് വര്‍ഷത്തോളം പണിമുടങ്ങിക്കിടന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി പൂന്താനം സ്മാരക സമിതി ചര്‍ച്ച നടത്തിയതോടെയാണ് നിര്‍മാണ ജോലി പുനരാരംഭിച്ചത്.
മുഴുവന്‍ പ്രവൃത്തികളും ജനുവരി 20 നകം പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. പൂന്താനം സ്മാരക സമിതിയുടെ പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണനും വി. ജ്യോതിഷ് സെക്രട്ടറിയുമാണ്.