അങ്ങാടിപ്പുറത്ത് പുതിയ എംസിഎഫ് സജ്ജമായി
1486656
Friday, December 13, 2024 4:21 AM IST
അങ്ങാടിപ്പുറം: മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്. പുതിയ മാലിന്യ സംഭരണ കേന്ദ്രം (എംസിഎഫ്) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ അധ്യക്ഷത വഹിച്ചു.
എഴുപതിനായിരത്തിലധികം ജനസംഖ്യയുള്ള അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ സ്ഥിരമായി മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് മൂവായിരം ചതുരശ്രയടിയലധികം വിസ്തീര്‍ണത്തില്‍ എംസിഎഫ് നിര്‍മിച്ചിട്ടുള്ളത്. ഇതോടെ മാലിന്യപ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകും. ആവശ്യമായി വന്നാല്‍ എംസിഎഫ് വിപുലീകരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.
ഡിജെഎസ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് തിരൂര്‍ക്കാട് സംസ്ഥാനപാതക്ക് സമീപത്ത് ആധുനിക രീതിയില്‍ എംസിഎഫ് സജ്ജീകരിച്ചത്. എംസിഎഫിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പൊതുജനങ്ങൾ, വ്യാപാരികള്‍ എന്നിവര്‍ക്കും മാലിന്യസംസ്കരണ വിഷയത്തില്‍ ഏറെ ആശ്വാസം പകരും. എക്കാലത്തും വലിയതോതില്‍ വിമര്ശനങ്ങളുണ്ടാകുന്ന മാലിന്യസംസ്കരണ വിഷയത്തിന് ഇതോടെ പരിഹാരമാകുമെന്ന് അഡ്വ.എ.കെ. മുസ്തഫ പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുനില്‍ബാബു വാക്കാട്ടിൽ, ഫൗസിയ തവളേങ്ങല്‍, ടി. സലീന, സെക്രട്ടറി സുഹാസ് ലാല്‍, അംഗങ്ങളായ ദാമോദരൻ, അനില്‍ പുലിപ്ര, കെ.ടി. അന്‍വര്‍, പി.പി. ഷിഹാബ്, കോറാടന്‍ റംല, ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.