അന്യദേശങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ സുരക്ഷിതത്വം ഉറപ്പാക്കണം: ഫസല്‍ ഗഫൂര്‍
1465220
Thursday, October 31, 2024 12:59 AM IST
പെരിന്തല്‍മണ്ണ: നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ ശമ്പളാനുകൂല്യങ്ങള്‍ മാത്രം പരിഗണിക്കാതെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രാജ്യങ്ങളും ദേശങ്ങളും തെരഞ്ഞെടുക്കുവാന്‍ കൂടി ശ്രദ്ധിക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റും പെരിന്തല്‍മണ്ണ എംഇഎസ് അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറുമായ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
എംഇഎസ് നഴ്സിംഗ് കോളജ് ഇരുപത്തിയൊന്നാമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളെയും ബന്ധുക്കളെയും ആശങ്കപ്പെടുത്തുന്ന നിലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെരുമാറരുതെന്ന് അദ്ദേഹം പറഞ്ഞു. മഹനീയമായ തൊഴില്‍ എന്ന നിലയില്‍ നഴ്സിംഗ് പഠനം തെരഞ്ഞെടുത്ത വിദ്യാര്‍ഥികളെ അദ്ദേഹം അനുമോദിച്ചു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. നിര്‍മല, പ്രഫ. പി.എം. ദീപ്തി, റഫ, ബിന്ദു പനോലത്ത്, അസോസിയറ്റ് പ്രഫ. എന്‍.ഐ. ഹിലാല്‍, അസിസ്റ്റന്റ് പ്രഫ. കെ.ബി. ബിന്‍സി, ശാലിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.