പി.കെ. കുഞ്ഞാലിക്കുട്ടി വാക്കുപാലിച്ചു; ദിജിഷയ്ക്ക് മുച്ചക്ര വാഹനമായി
1454631
Friday, September 20, 2024 4:50 AM IST
മലപ്പുറം: താനൂരില്‍ നടന്ന യുഡിഎഫ് വിചാരണ സദസില്‍ നിവേദനവുമായി എത്തിയ ഭിന്നശേഷിക്കാരിയായ 21കാരി ദിജിഷക്ക് നല്‍കാമെന്നേറ്റ മുച്ചക്ര വാഹനം പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഇന്നലെ കൈമാറി. സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്‍ഷങ്ങളായി ദിജിഷ അലയുകയായിരുന്നു.
തുടര്‍ന്ന് താനൂരിലെ വിചാരണ സദസിലാണ് ദിജിഷ നിവേദനവുമായി എത്തിയത്. പ്രയാസപ്പെട്ട് സദസിലേക്ക് കടന്നുവന്ന യുവതിയുടെ അടുത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി വന്ന് അവരുടെ സങ്കടം കേട്ടു.
ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷിയാക്കി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഒടുവില്‍ ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വസതിയില്‍ വച്ച് അദ്ദേഹം ദിജിഷക്ക് വാഹനം കൈമാറി. തന്റെ ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ദിജിഷ മടങ്ങിയത്.
"ഇത്രകാലം സ്വന്തം കാര്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇനി തനിക്ക് ആശ്രയമില്ലാതെ യാത്ര ചെയ്യാം'. സന്തോഷം മറച്ചുവയ്ക്കാതെ ദിജിഷ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മക്കളായ ആഷിഖ്, ലസിത എന്നിവരാണ് വാഹനം വാങ്ങി നല്‍കിയത്.