നബിദിനഘോഷയാത്രക്ക് സ്നേഹത്തിന്റെ പായസം വിളമ്പി അയ്യപ്പ ഭജനമഠം
1453875
Tuesday, September 17, 2024 7:04 AM IST
കാളികാവ്: നബിദിന വേദികളിൽ മനം കുളിർക്കും മതസൗഹാർദ കാഴ്ച. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ കാക്കച്ചോല അയ്യപ്പ ഭജനമഠം ഭാരവാഹികളാണ് മാതൃകയായത്. ഘോഷയാത്രയിലെ മുഴുവൻ പേർക്കും പായസം വിളമ്പിയും ദഫ് സംഘത്തിന് നോട്ടുമാലയിട്ടുമാണ് സ്വീകരണമൊരുക്കിയത്.
നബിദിന ഘോഷയാത്രയുടെ സൗഹൃദ കാഴ്ച കാണാൻ പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കെടുത്തു.പുളിയം കല്ല് റോഡിൽ ഭജന മഠത്തിനടുത്താണ് പരിപാടിക്ക് വേദിയൊരുക്കിയത്. സ്നേഹവും സൗഹൃദവും അന്യംനിന്നു പോകുന്ന കാലത്ത് നന്മയുടെയും സ്നേഹത്തിന്റെയും കൈത്തിരി കെടാതെ സൂക്ഷിക്കണമെന്ന് ഭജന മഠം ഭാരവാഹികളും മഹല്ല് ഖാസിയും ഉദ്ബോധിപ്പിച്ചു.
അഞ്ചച്ചവിടി പൂച്ചപ്പൊയിൽ നൂറുൽ ഹുദ സെക്കൻഡറി മദ്രസയിലെ ദഫ് സംഘത്തിനാണ് സ്വീകരണം നൽകിയത്. മതസൗഹാർദത്തിന്റെ മഹനീയ മാതൃകയായി നൽകിയ സ്വീകരണത്തിന് മഹല്ല് ഖാസി മുബശീർ അഹ്സനി നന്ദി പറഞ്ഞു.
ചടങ്ങിൽ വാർഡ് മെമ്പർ കെ.ശ്യാമള മുഖ്യാതിഥിയായി.പള്ളി പ്രസിഡന്റ് കെ. പി. കുഞ്ഞിമുഹമ്മദ്, പി. വി. ഉമ്മർ, ഭജന മഠം ഭാരവാഹികളായ ടി. കെ. പ്രഭാകരൻ, അച്യുത വാരിയർ, കെ.പി രാജ്കുമാർ, വി.നാരായണൻ, കെ.സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.