വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ നിലമ്പൂരിലെത്തി നന്ദി പറഞ്ഞു
1452969
Friday, September 13, 2024 4:22 AM IST
നിലമ്പൂര്‍: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ട്പ്പെട്ടവര് നിലമ്പൂരിലെത്തി ദുരന്ത സമയത്ത് നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി പറഞ്ഞു. നിലമ്പൂര്‍ സി.എച്ച്. സെന്ററാണ് ഹൃദയപൂര്‍വം എന്ന പേരില്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ സഹോദരങ്ങളുടെ സന്ദര്‍ശനവും നിലമ്പൂരിലെ സന്നദ്ധ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും സംഗമവും നടത്തിയത്. ഏറെ വികാരമായ നിമിഷങ്ങള്‍ക്കാണ് വേദി സാക്ഷിയായത്.
തങ്ങളുടെ കുടുംബത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്നപ്പോള്‍ മുങ്ങിയെടുത്ത് ജില്ലാ ആശുപത്രയില്‍ എത്തിക്കാനും പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് വയനാട്ടിലേക്ക് എത്തിക്കുംവരെ നിലമ്പൂരിലെ സഹോദരങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നന്ദി പറഞ്ഞു.
സങ്കടം നെഞ്ചിനുള്ളില്‍ ഒതുക്കി വേദനയോടെയാണ് 35 ഓളം പേര് ചുരം ഇറങ്ങി നിലമ്പൂരിലേക്ക് എത്തിയത്. പോത്തുകല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, വനം ജീവനക്കാര്‍, നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരോടും പോത്തുകല്ലില്‍ എത്തി നന്ദി അറിയിച്ചു.
സൂചിപ്പാറ മുതല്‍ ചാലിയാര്‍ പുഴയില്‍ തങ്ങളുടെ കുടുംബങ്ങള്‍ ഒഴുകി വന്ന ഭാഗങ്ങളും സന്ദര്‍ശിച്ച് നാലു മണിയോടെയാണ് ഇവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സി.എച്ച് സെന്ററില്‍ എത്തിയത്.
പലരും പ്രസംഗിക്കാനാവാതെ വിതുമ്പി. തന്റെ കുടുംബത്തിലെ എട്ടുപേര്‍ നഷ്ടമായ സംഭവം നൗഫല്‍ പറഞ്ഞപ്പോള്‍ പലരുടെയും കണ്ണു നിറഞ്ഞു. വയനാടിന്റെ സങ്കടത്തിനൊപ്പം നിന്ന നിലമ്പൂരിലെ സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജില്ലാ ആശുപത്രി അധികൃതര്‍ എല്ലാം ഒന്നിച്ച് ചേര്‍ന്നപ്പോള്‍ അത് വലിയ ഹൃദയബന്ധങ്ങളുടെ സംഗമം കൂടിയായി മാറി.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, സി.എച്ച ഇഖ്ബാല്‍, കൊമ്പന് ഷംസുദ്ദീന്, എ. ഗോപിനാഥ്, മുജീബ് റഹ്മാന്, വിനോദ് പി. മേനോന്, സെറീന മുഹമ്മദാലി, ഡോ. പ്രവീണ എന്നിവര്‍ സംസാരിച്ചു.