പെരിന്തല്‍മണ്ണ: തന്റെ ഉപജീവനമാര്‍ഗത്തില്‍ നിന്നു ഒരു ദിവസത്തെ വരുമാനം വയനാട്ടിലെ ദുരിതബാധിതര്‍ക്കു നല്‍കുകയാണ് കുന്നപ്പള്ളി കളത്തിലക്കര സ്വദേശിയായ മാമ്പ്രതൊടി ബഷീര്‍.
ചോലംകുന്നില് ബഷീര്‍ ചെറിയൊരു ചായക്കട നടത്തുകയാണ്. ഈ ചായക്കടയില്‍ നിന്നു ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനമാണ് അദ്ദേഹം സഹായമായി നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇന്നലെ ചായക്കടയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി, വൈസ് ചെയര്‍പേഴ്സണ്‍ നസീറ അടക്കമുള്ളവരും നാട്ടുകാരും ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വര്‍ഷങ്ങളായി പെരിന്തല്‍മണ്ണയിലെ പട്ടാമ്പി റോഡ് ചോലാംകുന്നില് ചായക്കട നടത്തിവരികയാണ് ബഷീര്‍. മാധ്യമങ്ങളില്‍ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന മുതല്‍ തന്നെ കൊണ്ട് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുകയെന്ന് ആലോചിച്ചപ്പോഴാണ് തന്റെ ചായക്കടയില്‍ നിന്ന് ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാന് ബഷീര്‍ സന്നദ്ധത കാണിച്ചത്. ഇന്നലെ രാവിലെ ഏഴു മുതല്‍ ആരംഭിച്ച ചായക്കടയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ചായകുടിക്കാനെത്തിയത്.