പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1444873
Wednesday, August 14, 2024 7:51 AM IST
പൊന്നാനി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരിപറമ്പ് ഗുലാബ് നഗര്‍ സ്വദേശി സാദിഖിനെ (21) യാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊന്നാനി ഇന്‍സ്പെക്ടര്‍ ടി.പി. ഫാര്ഷാദും സംഘവും സാഹസികമായാണ് പിടികൂടിയത്.
പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവ് പൊന്നാനി പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
അന്വേഷണ സംഘത്തില്‍ പൊന്നാനി സബ് ഇന്‍സ്പെക്ടര്‍ ആര്.യു. അരുണ്‍, പോലീസുകാരായ അഷ്റഫ് ചിറക്കല്‍, എം. അഭിലാഷ്, എസ്.പ്രശാന്ത്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി തവനൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.