അങ്ങാടിപ്പുറം അൽപാക്കുളം നവീകരിക്കാൻ പദ്ധതി
1443045
Thursday, August 8, 2024 5:11 AM IST
അങ്ങാടിപ്പും: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഏജൻസിയായി നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകഐസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്തുള്ള അൽപാക്കുളം നവീകരിക്കുന്നതിനു കളമൊരുങ്ങുന്നു.
നീരുറവകൾ, നീർച്ചാലുകൾ, തോടുകൾ തുടങ്ങി പരന്പരാഗത ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീർത്തടാധിഷ്ഠിത പദ്ധതിയായാണ് അൽപാക്കുളം പുനരുദ്ധരിക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് കുളം വിട്ടുകൊടുക്കാൻ ധാരണയായി.
നിലവിലെ പദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തി കുളം നവീകരണ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പിഎംകെഎസ്വൈ നിർവഹണ പദ്ധതിയുടെ ചെയർമാനും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു.
സംസ്ഥാനതലത്തിലുള്ള നോഡൽ ഏജൻസിയുടെ അംഗീകാരം ലഭിക്കുന്നതോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ബ്ലോക്ക് മെംബർ ദിലീപ്, വാർഡ് മെംബർ രത്നകുമാരി,
ദേവസ്വം ബോർഡ് ജീവനക്കാരായ വേണുഗോപാൽ, ശിവപ്രസാദ്, അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ എ. ഗോപകുമാർ, കെ.പി. ഷിജുമോൻ, പിഎംകഐസ്വൈ ടെക്നിക്കൽ എക്സ്പർട്ട് സുമയ്യ റോഷൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.