സബ്സ്റ്റേഷൻ ഇരുട്ടിൽ തന്നെ: വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
1430204
Wednesday, June 19, 2024 7:12 AM IST
കരുവാരകുണ്ട്: ഏറെ നാളുകളായി പ്രദേശവാസികൾ കാത്തിരിക്കുന്ന സബ്സ്റ്റേഷൻ ഇപ്പോഴും യാഥാർഥ്യമായില്ല. വ്യാപാരികളാണ് വൈദ്യുതി മുടക്കത്തിൽ ഏറെയും വലയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
രാവിലെ മുതൽ തുടങ്ങിയ തടസം രാത്രി ഏറെ വൈകിയും പുനഃസ്ഥാപിക്കാനായിരുന്നില്ല. കാളികാവ്, മേലാറ്റൂർ സബ് സ്റ്റേഷനുകളിൽ നിന്നാണ് കരുവാരകുണ്ട് ഭാഗത്തേക്ക് വൈദ്യുതി എത്തുന്നത്. മേലാറ്റൂർ സബ് സ്റ്റേഷനിൽ നിന്നുള്ള ഭാഗത്തേക്ക് വൈദ്യുതി ബന്ധം നൽകിയെങ്കിലും വിതരണം സുഗമമായി നടത്താൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതുകാരണം പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ചെയ്തു. പെരുന്നാളിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ വൻതോതിൽ കച്ചവടം നടക്കുന്ന സമയമായിരുന്നു.
രാവിലെ മുതൽ വൈദ്യുതി ഇല്ലാത്തതിനാൽ കടകളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറുകളും പണിമുടക്കി. ഇതോടെ കടകൾ മുഴുവനായും ഇരുട്ടിലായി. ഉപഭോക്താക്കൾ കടയിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയും ചെയ്തു.
ഇതിനെ തുടർന്ന് ചില വ്യാപാരികൾ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ചെന്ന് ബഹളം വയ്ക്കുകയും ചെയ്തു. സബ്സ്റ്റേഷന് സൗജന്യമായി ഭൂമി വിട്ടു നൽകാൻ പലരും രംഗത്തെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയും സബ്സ്റ്റേഷൻ നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. പല നാളുകളിലായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു എന്നല്ലാതെ സബ്സ്റ്റേഷൻ യാഥാർഥ്യമാക്കാൻ വേണ്ട നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സബ്സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കി പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരുമെന്നുമാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.