അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് മോഷണം : 66 കാരൻ അറസ്റ്റിൽ
1592113
Tuesday, September 16, 2025 7:50 AM IST
മഞ്ചേരി : ഉംറ നിർവഹിക്കുന്നതിന് അറബിയിൽ നിന്ന് സഹായം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ ആഭരണം കവർന്ന കേസിലെ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
അരീക്കോട് ഉൗർങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലിൽ അസൈനാർ (66)നെയാണ് മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എൻ. സുബാഷ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി പുത്തൂർ പള്ളിക്കൽ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് ഒന്നരക്ക് അറബിയെ പരിചയപ്പെടുത്തി തരാമെന്നും സഹായം വാങ്ങിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസിലെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹോട്ടലിലെ മുറിയിൽ അറബിയുണ്ടെന്നും അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ കണ്ടാൽ അറബി സഹായിക്കില്ലെന്നും പറഞ്ഞ് സ്വർണ മാലയും മോതിരവും അഴിച്ച് ബാഗിൽ വപ്പിച്ചു.
തുടർന്ന് ഇരുവരും ഹോട്ടലിൽ നിന്ന് ചായ കുടിക്കുകയും ഓർഡർ ചെയ്ത പാർസൽ വാങ്ങാനായി വീട്ടമ്മ പോയ തക്കത്തിന് ബാഗിൽ നിന്ന് 3.75 പവൻ സ്വർണാഭരണങ്ങളെടുത്ത് പ്രതി മുങ്ങുകയുമായിരുന്നു. മലപ്പുറം എടപ്പറ്റ കണ്ടൻചോല നിസാ മൻസിൽ എന്ന വിലാസത്തിലുള്ള തിരിച്ചറിയൽ രേഖയും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കാസർഗോഡ്, കോഴിക്കോട് പോലീസ് സ്റ്റേഷനുകളിലടക്കം എട്ടോളം സമാനമായ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തു.