സംസ്ഥാന വനിതാ ഹോക്കിയിൽ പാങ്ങ് സ്കൂളിന് വെങ്കലം
1592115
Tuesday, September 16, 2025 7:50 AM IST
മങ്കട : ജവഹർലാൽ നെഹ്റു സംസ്ഥാന വനിതാ ഹോക്കി ടൂർണമെന്റിൽ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി.
സെമി ഫൈനലിൽ ജിവി രാജ സ്പോർട്സ് സ്കൂളിനോട് പരാജയപ്പെട്ട പാങ്ങിന്റെ പെണ്‍കുട്ടികൾ ലൂസേഴ്സ് ഫൈനലിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച എസ്സിഎസ്എച്ച്എസ്എസ് തിരുവല്ലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്.
മത്സരത്തിൽ കെ. ഫാത്തിയ വഫ, പി. ഫാത്തിമ മുസ്ഫിറ എന്നിവരാണ് ഗോൾ നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു സ്കൂൾ ടീം മൂന്നാം സ്ഥാനം നേടുന്നത്. പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പി. ഫാത്തിമ സിയ ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പി. ഹിബയാണ് ക്യാപ്റ്റൻ.
മുഖ്യപരിശീലകൻ പി. ഷാരൂണും സഹപരിശീലകൻ അരിക്കത്ത് ഷാഫിയും ടീം മാനേജർ റസീന ബീവിയുമാണ്. സംസ്ഥാന സ്കൂൾ ഗെയിംസിൽ വനിതാ ഹോക്കി വിവിധ വിഭാഗങ്ങളിൽ മലപ്പുറം ജില്ലാ ടീമിൽ ശക്തമായ സാന്നിധ്യമാണ് പാങ്ങ് ജിഎച്ച്എച്ച്എസ്. സംസ്ഥാന ടീമിലേക്ക് രണ്ടു പേർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.