സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി
1591795
Monday, September 15, 2025 5:30 AM IST
പെരിന്തൽമണ്ണ: കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി.
എസ്വിഇപി പദ്ധതിയുടെയും ഇൻക്യുബേഷൻ സെന്ററിന്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹമുള്ള ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ, ശേഷി വികസനം, മാർഗനിർദേശങ്ങൾ, സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തെരഞ്ഞെടുത്ത് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെന്റർ വഴി ലക്ഷ്യമിടുന്നത്. താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റിനെയാണ് ഫുഡ് പ്രോസസിംഗ് മേഖലയിൽ ഇൻക്യുബേഷൻ ഹബ്ബ് ആയി തെരഞ്ഞെടുത്തിട്ടുള്ളത്. പരിശീലനാർഥികൾക്കുള്ള ക്ലാസ്റൂം, പ്രാക്ടിക്കൽ സംവിധാനം എന്നീ സൗകര്യങ്ങൾ ഇൻക്യുബേഷൻ സെൻററിൽ ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് വിഇപി പദ്ധതിയുടെ വിശദമായ രൂപരേഖയായ ഡിപിആർ നജീബ് കാന്തപുരം എംഎൽഎ പ്രകാശനം ചെയ്തു. ഇതോടൊപ്പം സിഇഎഫ് ലോണ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്ഥിരകാര്യ കമ്മിറ്റി ചെയർപേഴ്സണ്മാർ, സിഡിഎസ് ചെയർപേഴ്സണ്മാർ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് സ്വാഗതവും കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. രഗീഷ് നന്ദിയും പറഞ്ഞു.