മയിൽപ്പീലി അഴകുമായി ശോഭായാത്ര
1591794
Monday, September 15, 2025 5:30 AM IST
മലപ്പുറം: നഗര വീഥികളെ അന്പാടിയാക്കി ഉണ്ണിക്കണ്ണൻമാർ നിറഞ്ഞപ്പോൾ നാടാകെ ദ്വാപരയുഗ സ്മരണകളിലലിഞ്ഞു. കൂടെ രാധയും തോഴിമാരും നിശ്ചലദൃശ്യങ്ങളും അണിനിരന്നപ്പോൾ
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾക്ക് മയിൽപ്പീലിയഴക്. ആയിരത്തിലധികം ശോഭായാത്രകൾ ജില്ലയുടെ വീഥികളെ മനോഹരമാക്കി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകളിൽ കൃഷ്ണലീലകളും അവതാര കഥകളും ഇതിഹാസ കഥകളും നിശ്ചല ദൃശ്യങ്ങളിലൂടെ പുനർജനിച്ചു.
നാമജപ സങ്കീർത്തനങ്ങളും ഭജന കീർത്തനങ്ങളും ഗോപികാനൃത്തവും അകന്പടിയായി. കൂടാതെ, ഗോവർധന മർദനം, ശരശയ്യ, പൂതനാമോക്ഷം, മത്സ്യാവതാരം, കൂർമാവതാരം, വസുദേവരുടെ യാത്ര, അനന്തശയനം, അസുരവധം എന്നിവയും അരങ്ങേറി. വീഥികളുടെ ഇരുവശവും നിരന്ന ജനാവലി ആന്ദനം കൊണ്ടപ്പോൾ ശ്രീകൃഷ്ണ ജയന്തി നാടിന് ആഘോഷമായി. ഉറിയടികൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയും നടന്നു. ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ എന്ന സന്ദേശം ഉയർത്തിയായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷം.
നിലന്പൂർ: നിലന്പൂർ മേഖലയിൽ ചക്കാലക്കൂത്ത്, വീട്ടിക്കുത്ത്, മണലൊടി, കോവിലകത്തുമുറി, തെക്കുംപാടം എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന നൃത്തനൃത്ത്യങ്ങളോടും ഭജനയോടും കൂടി മഹാശോഭയാത്രയായി ശ്രീവിരാഡപുരി അയ്യപ്പ ഭജനമഠത്തിൽ സമാപിച്ചു. തുടർന്ന് പ്രസാദ വിതരണം ഉണ്ടായിരുന്നു.
മഹാശോഭയാത്രയിൽ വാദ്യഘോഷ അകന്പടിയോടു കൂടി ശ്രീകൃഷ്ണ വേഷധാരികളായ ബാലികാബാലൻമാരും കണ്ണന്റെ നിശ്ചലദൃശ്യങ്ങളും ശ്രദ്ധേയമായി. ആഘോഷപ്രമുഖ് കെ. രജീഷ്, ഗോപീകൃഷ്ണൻ, കെ. ശശികുമാർ, വൈകാശ് തടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: ചുങ്കത്തറയിൽ കുസൃതികളുമായി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്ന മഹാശോഭ യാത്ര വർണാഭമായി. നഗരവീഥികളെ അന്പാടിയാക്കി നടന്ന ഘോഷയാത്രയിൽ രാധാകൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ, ഗോപികമാർ, മുത്തക്കുടകൾ, മേളങ്ങൾ എന്നിവയുമൊക്കെ മഹാശോഭയാത്രക്ക് മിഴിവേകി.
ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടന്നു. കാവുംപാടം ധർമശാസ്താ ക്ഷേത്രം, മണ്ണാത്തി ദുർഗാക്ഷേത്രം, പുലിമുണ്ട അയ്യപ്പ ക്ഷേത്രം, കോട്ടേപ്പാടം ധർമശാസ്ത ക്ഷേത്രം, പടിഞ്ഞാറ്റിയംപാടം നാരായണ ധർണശാസ്താ ക്ഷേത്രം, കുന്നത്ത് വരാഹ മൂർത്തി ക്ഷേത്രം, പള്ളിക്കുത്ത് തൃപുരാന്തക ക്ഷേത്രം, മണലി പാടിപ്പൊയിൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഘോഷയാത്രകൾ ചുങ്കത്തറ ശ്രീനാരായണ ഗുരു വിഘ്നേശ്വര ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി നഗര പ്രദക്ഷിണം നടത്തിയ ശേഷം വൈകിട്ടോടെ നെടുന്പുഴായി ക്ഷേത്രത്തിൽ സമാപിച്ചു.
ശോഭയാത്ര കണ്വീനർ വി.എസ്. സത്യൻ, ചെയർമാൻ കെ.പി. ബിജുമോൻ, വി.എസ്. പ്രസാദ് എന്നിവർ നേതൃത്വം നൽകി. എടക്കരയിൽ കൗക്കാട്, വെള്ളാരംകുന്ന് എസ്എൻഡിപി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന്ആരംഭിച്ച ശോഭയാത്രകൾ സംഗമിച്ച് മഹാശോഭയാത്രയായി എടക്കര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.
കരുവാരകുണ്ട് : ശ്രീകൃഷ്ണ ജയന്തി കരുവാരകുണ്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സാഹപൂർവം ആഘോഷിച്ചു. ഭവനംപറന്പ് ശിവൻ -വിഷ്ണു ക്ഷേത്രത്തിൽ ഭഗവാന് പ്രത്യേക പൂജകളും പ്രസാദ സദ്യയുമൊരുക്കിയിരുന്നു.
കുട്ടത്തി മഹാശിവക്ഷേത്രം, കക്കറ ആലുങ്ങൽ മഹാദേവ ക്ഷേത്രം, നീലാങ്കുറുശി അയ്യപ്പ ക്ഷേത്രം, കുത്തനഴി ശിവക്ഷേത്രം, പവനപുരം ശ്രീരാമ -ഹനുമാൻസ്വാമി ക്ഷേത്രം, തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് ആരിന് ഭവനംപറന്പ് ശിവൻ -വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ചു. ഭക്തർ കൃഷ്ണ ഭഗവാനെ ദർശിച്ച് സായൂജ്യമടഞ്ഞു.
എല്ലാവർക്കും അവിൽ നിവേദ്യം പ്രസാദമായി നൽകി. വിവിധ ക്ഷേത്ര പ്രതിനിധികൾക്കൊപ്പം തത്ത്വമസി ഹൈന്ദവ സേവാ ട്രസ്റ്റ് ഭാരവാഹികളായ കെ. മാധവൻകുട്ടി, കെ. ഗോപാലകൃഷ്ണൻ, ടി.കെ അയ്യപ്പൻ, ഇ.പി രാജശേഖരൻ, പി.പി വിശ്വനാഥൻ, സി.സുരേഷ്കുമാർ, കൃഷ്ണകുമാർ, എ. മനോജ്, കെ.എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.