ലോറി കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു
1591609
Sunday, September 14, 2025 10:57 PM IST
മഞ്ചേരി: ആമയൂർ പുളിങ്ങോട്ടുപുറത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകൻ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തോടെ റഹ്മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്. ടിപ്പറിലെത്തിച്ച പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയെങ്കിലും ലോറിക്കകത്ത് ഡ്രൈവർ ഉണ്ടായിരുന്നില്ല. നാട്ടുകാർ ഏറെനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
15 അടിയോളം താഴ്ചയുള്ള ക്വാറിയിൽ നിന്ന് വലിയ ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ ലോറി കരകയറ്റിയത്. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം തോട്ടുമുക്കം ജുമാമസ്ജിദിൽ ഖബറടക്കി. മൂന്ന് വർഷമായി ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് റാഷിദ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ് : നസീറ. സഹോദരങ്ങൾ : സുമയ്യ, സുഹാന.