17 മുതൽ ഗ്രാൻഡ് കോണ്‍ഫറൻസ് നബിദിനാഘോഷത്തിന് സമാപനം
1592109
Tuesday, September 16, 2025 7:50 AM IST
മഞ്ചേരി: മുഹമ്മദ് നബിയുടെ 1500 -ാം ജൻമദിനത്തിന്റെ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികൾ മഞ്ചേരി ദാറുസുന്ന കാന്പസിൽ 17,18,19 തിയതികളിൽ നടക്കുന്ന ഗ്രാൻഡ് കോണ്‍ഫറൻസോടെ സമാപനമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദിവ്യപ്രകാശമാണ് അണയില്ല എന്ന ശീർഷകത്തിൽ ദാറുസുന്നയിലെ ഇസ്ലാമിക് ദ അ് വാ ഫാക്കൽറ്റി നടത്തുന്ന സെമിനാറാണ് ഒന്നാം ദിവസത്തിലെ പ്രധാന പരിപാടി. ഫാക്കൽറ്റി മേധാവി മൗലാന എ. നജീബ് മൗലവിയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തിരുനബിക്കെതിരെ പതിനഞ്ച് നൂറ്റാണ്ടിനകം ഉയർന്നുവന്ന ആരോപണങ്ങളും അധിക്ഷേപങ്ങളും വിലയിരുത്തി നബിയുടെ സംശുദ്ധ ജീവിതം അനാവരണം ചെയ്യുന്ന സെമിനാറിൽ മതപണ്ഡിതൻമാർ പ്രബന്ധങ്ങളവതരിപ്പിക്കും.
വിവിധ സെഷനുകളിലായി വഹ് യ്- നുബുവ്വത്ത്, പ്രമാണങ്ങൾ സുരക്ഷിതം, തിരുജീവിതം: ആരോപണങ്ങൾ മറുപടികൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. രണ്ടാം ദിനം നടക്കുന്ന വിഷണറി മീറ്റിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ബിരുദ ദാന സമ്മേളനത്തിൽ എം.പി. അബ്ദുസമദ് സമദാനി എംപി പങ്കെടുക്കും.
19ന് കലാപരിപാടികൾക്കു ശേഷം സ്വലാത്ത്, പ്രാർഥനാ മജ് ലിസോടെ ഗ്രാന്റ് കോണ്ഫൻസിനു തിരശീല വീഴും. വാർത്താ സമ്മേളനത്തിൽ ഇ.പി. അഷ്റഫ് ബാഖവി, ഇ.കെ. അബ്ദുറശീദ് മുഈനി, പി.ടി. അബ്ദുൾ ലത്തീഫ് മൗലവി, യു. ജഅ്ഫർ അലി വഹബി, എം. ശബീർ വഹബി എന്നിവർ പങ്കെടുത്തു.