കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1591774
Monday, September 15, 2025 4:56 AM IST
നടുക്കം മാറാതെ അബ്ബാസ്
നിലന്പൂർ: കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് അബ്ബാസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലിയാർ പഞ്ചായത്തിലെ അകന്പാടം സ്വദേശി കൂരി അബ്ബാസ് (50) ആണ് കാട്ടാനകളുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. റബർ ടാപ്പിംഗ് തൊഴിലാളിയായ അബ്ബാസ് മൂലേപ്പാടം 150 തിലുള്ള റബർ തോട്ടത്തിലേക്ക് ടാപ്പിംഗിനായി ബൈക്കിൽ പോവുകയായിരുന്നു. മൂലേപ്പാടം ഭാഗത്ത് എത്തിയതോടെ റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽപ്പെട്ടു. ബൈക്ക് പെട്ടെന്ന് നിർത്തി അബ്ബാസ് ഇറങ്ങിയോടി. എന്നാൽ കാട്ടാന പിന്നാലെ എത്തിയതോടെ അബ്ബാസ് റോഡിൽ വീണു.
അടുത്ത നിമിഷം കാട്ടാന തൊട്ടടുത്ത് എത്തിയതോടെ പേടിച്ച് വിറച്ച അദ്ദേഹം റോഡിലൂടെ ആനയുടെ ചവിട്ടേൽക്കാതെ ഉരുണ്ടുമറിയുകയായിരുന്നു. ഇതിനിടയിൽ അബ്ബാസിനെ ചവിട്ടാനായി കാട്ടാന കാൽ ഉയർത്തിയെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് താൻ മരിച്ചുവെന്നു തന്നെയാണ് കരുതിയത്.
വീട്ടിലുള്ളവരുടെ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ആന പിന്തിരിഞ്ഞ് പോയ സമയത്താണ് പിറകിൽ മറ്റൊരു കാട്ടാന നിൽക്കുന്നത് കണ്ടത്. ആദ്യത്തെ ആന പോയ ഭാഗത്തേക്ക് തന്നെ രണ്ടാമത്തെ ആനയും പോയതോടെയാണ് അബ്ബാസിന് ജീവൻ തിരിച്ചുകിട്ടിയത്. വീഴ്ചയിൽ കാൽമുട്ടിനും വിരലിനും തുടകൾക്കും ഉൾപ്പെടെ സാരമായി അബ്ബാസിന് പരിക്കേറ്റിട്ടുണ്ട്.
അബ്ബാസിന് ചികിത്സാ സഹായം നൽകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. നിരവധി ടാപ്പിംഗ് തൊഴിലാളികൾ കടന്നുപോകുന്ന ഇടിവണ്ണ - മൂലേപ്പാടം റോഡിൽ ഏതാനും ദിവസങ്ങളായി കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്.