"ആവശ്യങ്ങള്‍ക്കായി മുന്നിലെത്തുന്ന മനുഷ്യരോട് കാരുണ്യത്തോടെ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം'
1591538
Sunday, September 14, 2025 5:14 AM IST
പെരിന്തല്‍മണ്ണ: വിവിധ ആവശ്യങ്ങള്‍ക്കായി മുന്നിലെത്തുന്ന മനുഷ്യരോട് കാരുണ്യത്തോടെ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും യുവതലമുറയില്‍ നിന്ന് സര്‍വീസിലെത്തുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നും ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരായി സെലക്ഷന് ലഭിച്ചവര്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ അക്കാദമി ചെയര്മാന് നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.പി. ഹുസ്സയിന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, എ.കെ. നാസര്‍, അഡ്വ. എസ്. അബ്ദുസലാം, ലതിക സതീഷ്, ഡോ. രാംദാസ്, ചമയം ബാപ്പു, എ.വി. റഫീഖ്, റാഫി ഗള്‍ഫോണ്‍, ഡോ. ഖലീല്‍, തറയില്‍ മുസ്തഫ, ലത്തീഫ് കാപ്പുങ്ങല്‍, അസീസ് കൊളക്കാടന്‍, അഡ്വ. മുഹമ്മദ് റോഷിന് സംസാരിച്ചു.