പുല്ലങ്കോട് എസ്റ്റേറ്റിലെ മലീനകരണത്തിന് പരിഹാരം കാണണമെന്ന്
1591796
Monday, September 15, 2025 5:30 AM IST
കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നുള്ള മലിനീകരണം അസഹ്യമെന്ന് പരാതി. ഇതേത്തുടർന്ന് നാട്ടുകാർ പുല്ലങ്കോട് എസ്റ്റേറ്റിനെതിരേ രംഗത്തെത്തി. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് എസ്റ്റേറ്റ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
എസ്റ്റേറ്റ് പുറത്തേക്കൊഴുക്കുന്ന മാലിന്യങ്ങൾ കാരണം പരിസരത്തെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് പരിസരവാസികൾ പരാതിപ്പെടുന്നത്. നാട്ടുകാരുട പരാതിയിൽ ഹൈക്കോടതി മലപ്പുറം മലിനീകരണ നിയന്ത്രണ ബോർഡിനോട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. എസ്റ്റേറ്റിലെ ശുദ്ധീകരിക്കുന്ന പ്ലാന്റ് മുഴുവനായും മഴവെള്ളം അകത്ത് കടക്കാത്ത രീതിയിൽ സുതാര്യമായി മേൽക്കൂര നിർമിക്കുക, മലിന ജലം ശുദ്ധീകരിച്ച ശേഷം പുറത്തുവിടാവൂ എന്നിങ്ങനെയാണ് നിർദേശം നൽകിയിരിക്കുന്നത്.
ശുദ്ധീകരണ പ്ലാന്റിലെ സംഭരണി മഴ വെള്ളമോ മറ്റൊന്നും തന്നെയും കടക്കാത്ത വിധം മുഴുവനായും ഭദ്രമായി കവർ ചെയ്ത് സുരക്ഷിതമാക്കുകയും വേണം. ശുദ്ധീകരണ യൂണിറ്റിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലം പരിശോധിച്ചതിൽ പരിധിക്കപ്പുറം മാലിന്യ ഘടകങ്ങൾ ഉണ്ടെന്നും അതുകൊണ്ട് ശുദ്ധീകരണ പ്ലാന്റ് മാനദണ്ഡങ്ങൾക്കനുസരിച്ച് മലിനജലം ശുദ്ധീകരിക്കുന്ന രീതിയിൽ പുനർനിർമിക്കണമെന്നുമാണ് മറ്റൊരു നിർദേശം.
ശുദ്ധീകരണ പ്ലാന്റിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം ഉപയോഗിച്ച് ജൈവവളം നിർമിക്കുന്നത് അനുവദനീയമല്ല. എസ്റ്റേറ്റിന്റെ ഫാക്ടറി നടത്തിപ്പ് മൂലം പ്രദേശത്തുള്ള ദുർഗന്ധം തടയാൻ അനുയോജ്യമായ സംവിധാനം സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുക്കണക്കിനു തൊഴിലാളി കുടുംബങ്ങൾ ആശ്രയിച്ച് ജീവിക്കുന്ന പുല്ലങ്കോട് എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ മേഖലയിലെ രാഷ്ടീയ സാമൂഹ്യരംഗം ഉത്കണ്ഠയിലാണ്.