രാത്രിയിൽ റോഡ് കീഴടക്കി കാട്ടാനകൾ
1592122
Tuesday, September 16, 2025 7:50 AM IST
നിലന്പൂർ: ഇടിവണ്ണ - മൂലേപ്പാടം നിവാസികൾ കാട്ടാന ഭീതിയിൽ. ദിവസം തോറും നശിപ്പിക്കുന്നത് ആയിരങ്ങളുടെ കാർഷിക വിളകൾ. ചാലിയാർ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിലാണ് കൃഷിക്കും മനുഷ്യജീവനും ഭീതി വിതച്ച് കാട്ടാനകൾ നിലയുറപ്പിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ പ്രദേശത്തെ 20 ലധികം കർഷകരുടെ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്.
വീടുകളുടെ മതിലുകളും സോളാർ വൈദ്യുത വേലികളും തകർക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് റിട്ടയേർഡ് ജവാനും എരഞ്ഞിമങ്ങാട് വേട്ടേക്കോട് സ്വദേശിയുമായ കല്ലുവെട്ടിപറന്പിൽ പത്മനാഭന്റെ ഇടിവണ്ണ എച്ച് ബ്ലോക്കിലെ കൃഷിയിടത്തിൽ കാട്ടാനകൾ വ്യാപക നാശം വിതച്ചത്. കായ്ഫലമുള്ള 11 തെങ്ങുകളും അറുപതിലേറെ കൂലച്ച വാഴകൾ, ജാതി മരങ്ങൾ തുടങ്ങിയവയാണ് നശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ കൃഷിയിടം തരിശ് നിലമാക്കി മാറ്റിയിരിക്കുകയാണെന്നും പത്്മനാഭൻ പറയുന്നു. ഇടിവണ്ണ എച്ച് ബ്ലോക്ക് മുതൽ മൂലേപ്പാടം പാലം വരെ രാത്രിയായാൽ കാട്ടാനകൾ എത്തുകയാണ്. വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും കർഷകർക്ക് കൃഷി ചെയ്ത് ജീവിക്കാനും ഭയമില്ലാതെ വീടുകളിൽ കിടന്നുറങ്ങാനും അവസരം ഒരുക്കണമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും വനിതാ കർഷകയുമായ അച്ചാമ്മ ജോസഫ് പാലാത്ത് പറഞ്ഞു.
നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് കാട്ടാനകൾ എത്തുന്നത്. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനാൽ കർഷകർക്ക് ഓരോ ദിവസവും വലിയ നഷ്ടമാണുണ്ടാക്കുന്നത്. പത്മനാഭന്റെ കൃഷിയിടത്തിൽ നിറയെ നാളികേരവുമായി നിന്ന തെങ്ങുകളാണ് നശിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ ഇടിവണ്ണ മൂലേപ്പാടം ഭാഗങ്ങളിലായി കാട്ടാനകൾ നശിപ്പിച്ചത് നൂറിലേറെ തെങ്ങുകളും 1500 ലേറെ വാഴകളും 600 ലേറെ കപ്പകളും മറ്റ് കാർഷിക വിളകളുമാണ്.
രാത്രികാലങ്ങളിൽ മേഖലയിൽ മുഴുവൻ സമയ പട്രോളിംഗ് ഏർപ്പെടുത്തണമെന്നും അച്ചാമ്മ ജോസഫ് ആവശ്യപ്പെട്ടു. മൂവായിരം വനമേഖലയിൽ നിന്ന് കുറുവൻപുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. പന്തീരായിരം ഉൾവനത്തിലേക്ക് കാട്ടാനകളെ കയറ്റിവിട്ടാൽ മാത്രമേ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. പന്തീരായിരം വനമേഖലയോട് ചേർന്ന് വനം വകുപ്പ് സ്ഥാപിച്ചിരുന്ന വൈദ്യുത സോളാർ വേലികൾ പ്രവർത്തനരഹിതമാണ്.