അനധികൃത ചെങ്കൽ ഖനനത്തിനെതിരേ സിപിഎം മാർച്ച് നടത്തി
1591291
Saturday, September 13, 2025 5:38 AM IST
മങ്കട: അനധികൃത ചെങ്കൽ ഖനനത്തിനെതിരേ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. ഏരിയ കമ്മിറ്റി അംഗം വി.പി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.ടി. ജയദേവൻ അധ്യക്ഷത വഹിച്ചു.
പ്രദേശവാസികൾക്ക് ദുരിതമുണ്ടാക്കുന്ന പാലൂർകോട്ടയിലെ ചെങ്കൽ ക്വാറി ഖനനം നിർത്തി വയ്ക്കാൻ യുഡിഎഫ് ഭരണസമിതി തയാറാകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന ഖനനത്തിനെതിരേ കോടതിയെ സമീപിക്കാൻ ഭരണസമിതി തയാറകണമെന്ന് വി.പി. അയ്യപ്പൻ ആവശ്യപ്പെട്ടു.
സർക്കാരിനെ പഴിചാരി പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് ജനങ്ങളെ വഞ്ചിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ണി പാതിരിക്കോട്, സി. ശശികുമാർ, കെ.ടി. അബ്ദുസമദ്, സിപിഎം ലോക്കൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കെ.പി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.