മണ്ണാർമലയിൽ വീണ്ടും പുലി സാന്നിധ്യം; പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞു
1592117
Tuesday, September 16, 2025 7:50 AM IST
മണ്ണാർമല: മണ്ണാർമലയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി സാന്നിധ്യം. പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ഇന്നലെ പുലർച്ചെ മൂന്നിന് പുലിയുടെ ദൃശ്യം പതിഞ്ഞു. ഒരു മാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ ദൃശ്യം കാമറയിൽ പതിയുന്നത്.
പുലിയെ പിടിക്കാൻ ആടിനെ കൂട്ടിലാക്കി കെണി വച്ചിട്ടുണ്ടെങ്കിലും കെണിയിലേക്ക് നോക്കി പുലി തിരിച്ചു പോകുന്ന ദൃശ്യമാണ് കാമറയിൽ പതിഞ്ഞത്. ഒരേ സ്ഥലത്ത് പുലിയെ പലതവണ കണ്ടിട്ടും പുലിക്കെണി സ്ഥാപിച്ചതല്ലാതെ പുലിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. മാനത്തുമംഗലം-കാര്യവട്ടം പാതയിൽ മാട് റോഡ് ഭാഗത്താണ് പുലി സ്ഥിരമായി എത്തുന്നത്. പുലി കടന്നുപോകുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശങ്ങളായ മണ്ണാർമല പള്ളിപ്പടി, മാനത്ത്മംഗലം, കക്കൂത്ത് എന്നിവിടങ്ങളിൽ നൂറുക്കണക്കിന് വീടുകളുണ്ട്.
ഇവിടങ്ങളിലെ കുടുംബങ്ങൾ മാസങ്ങളായി ഭീതിയിലാണ് കഴിയുന്നത്. പുലി റോഡിന് കുറുകെ ഓടി ബൈക്കിൽ തട്ടി മറിഞ്ഞ് യാത്രക്കക്കാരന് പരിക്കേറ്റിരുന്നു. മാട് റോഡിൽ "വന്യജീവികൾ കുറുകെ ഓടും സൂക്ഷിക്കുക’ എന്ന സൂചനാ ബോർഡും നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പുലി സാന്നിധ്യമുള്ള മണ്ണാർമലയിൽ വനംവകുപ്പ് സത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.